പട്ന: കോൺഗ്രസ് ഹൈക്കമാൻഡിന്റെ ദൂതുമായി മുതിർന്ന നേതാവ് ഹരീഷ് റാവത്ത് പട്നയിലെത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ച നടത്തി. പ്രതിപക്ഷ ഐക്യ അജൻഡയുമായി നിതീഷ് കുമാർ ഡൽഹിയിൽ കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് ഹരീഷ് റാവത്തിന്റെ സന്ദർശനം.
നിതീഷ് കുമാറിനെ യുപിഎ കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന സൂചനകൾക്കിടയിലാണ് കൂടിക്കാഴ്ച. ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഇരു നേതാക്കളും തയാറായിട്ടില്ല.
പ്രതിപക്ഷ നിരയിലെ ഐക്യത്തിനായി നിതീഷ് കുമാർ ചില പ്രായോഗിക നിർദേശങ്ങൾ കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ അവതരിപ്പിച്ചിരുന്നു. ബിജെപിയെ പ്രതിസന്ധിയിലാക്കാൻ ദേശീയതല ജാതി സെൻസസ് തിരഞ്ഞെടുപ്പു വിഷയമാക്കണമെന്ന നിതീഷിന്റെ നിർദേശം കോൺഗ്രസ് അംഗീകരിച്ചിരുന്നു.
പ്രാദേശിക കക്ഷികൾക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് നാമമാത്ര സീറ്റുകളിൽ മത്സരിച്ചാൽ മതിയെന്നതാണു നിതീഷിന്റെ മറ്റൊരു പ്രധാന നിർദേശം.