കൂവപ്പടി ജി. ഹരികുമാർ
ഗുരുവായൂർ: വൈശാഖമാസത്തിലെ ആദ്യദിനമായ ഇന്ന് അഷ്ടപദിപ്പാട്ടുകളിലെ ഭക്തിരസാമൃതം നുകരാൻ ഭക്തന്മാർ ഗുരുവായൂരിലേക്കെത്തും. ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന രണ്ടാമത് അഷ്ടപദി സംഗീതോത്സവത്തിന് വെള്ളിയാഴ്ച രാവിലെ 7ന് ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലെ സംഗീതമണ്ഡപത്തിൽ തിരിതെളിയിക്കും.
അറുപതിലേറെ അഷ്ടപദി ഗായകർക്കാണ് ഇത്തവണ ഗുരുവായൂരപ്പനു മുമ്പിൽ പാടാൻ അവസരം ലഭിച്ചത്. ശ്രീകൃഷ്ണന്റെ ഇഷ്ടഗീതമായ അഷ്ടപദിയുടെ പ്രചരണത്തിനും പ്രോത്സാഹനത്തിനുമായി കഴിഞ്ഞ വർഷം മുതലാണ് ദേവസ്വം അഷ്ടപദി സംഗീതോത്സവം ആരംഭിച്ചത്. ദേവസ്വം ഏര്‍പ്പെടുത്തിയ ജനാര്‍ദ്ദനന്‍ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പന്‍ അഷ്ടപദി പുരസ്‌കാരത്തിന് ഇത്തവണ അർഹനായത് മുതിര്‍ന്ന അഷ്ടപദി കലാകാരന്‍ അമ്പലപ്പുഴ കൃഷ്ണന്‍കുട്ടി മാരാരാണ്. അഷ്ടപദി ഗാനശാഖയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.
25001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 6ന് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് ദേവസ്വം വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ സമ്മാനിക്കും. തുടര്‍ന്ന് പുരസ്‌കാര ജേതാവിന്റെ അഷ്ടപദിക്കച്ചേരിയും അരങ്ങേറും. ദീർഘകാലം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടപദി ഗായകനായിരുന്നു കൃഷ്ണൻകുട്ടി മാരാർ. അമ്പലപ്പുഴ കരുമാടി സ്വദേശിയാണ്. 62 വർഷമായി അഷ്ടപദി ഗായകനാണ്. പഞ്ചവാദ്യത്തിലും മികവ് തെളിയിട്ടുണ്ട്.
ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഡോ. സദനം ഹരികുമാർ, സംഗീതജ്ഞൻ ഡോ. ഗുരുവായൂർ മണികണ്ഠൻ എന്നിവരടങ്ങുന്ന അഷ്ടപദി പുരസ്കാര നിർണ്ണയസമിതിയാണ് അമ്പലപ്പുഴ കൃഷ്ണൻകുട്ടിമാരാരെ പുരസ്കാരത്തിനായി ശിപാർശ ചെയ്തത്. അമ്പലപ്പുഴ കരുമാടി സ്വദേശിയാണ് കൃഷ്ണൻകുട്ടി മാരാർ. 62 വർഷമായി അഷ്ടപദി ഗായകനാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ഏറെക്കാലം കൊട്ടിപ്പാടിസ്സേവ ചെയ്തത്. പഞ്ചവാദ്യത്തിലും മികവ് തെളിയിട്ടുണ്ട് മാരാർ.