തിരുവനന്തപുരം: എസ് എസ് എൽ സി/ ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി 2023 ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പരമാവധി ഗ്രേസ് മാർക്ക് 30 മാർക്കായി നിജപ്പെടുത്തി.
അന്താരാഷ്ട്ര തലത്തിലെ സ്പോർട്സ് വിജയികൾക്കാണ് 30 മാർക്ക് ലഭിക്കുക. ദേശീയ തലത്തിലെ മെഡൽ ജേതാക്കൾക്ക് 25 മാർക്കും സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 20 മാർക്കും ലഭിക്കും. കലോത്സവ ശാസ്ത്രമേളയിലെ എ ഗ്രേഡുകാർക്ക് 20 ഗ്രേസ് മാർക്ക് ലഭിക്കും. ബി ഗ്രേഡുകാർക്ക് പതിനഞ്ചും സി ഗ്രേഡുകാർക്ക് പത്ത് മാർക്കും ലഭിക്കും. എൻ എസ് എസ് നാഷണൽ ക്യാമ്പ് അംഗങ്ങൾക്ക് 25 മാർക്ക് നൽകും. സ്കൗട്സ് ആന്റ് ഗൈഡ്സ് രാഷ്ടപതി അവാർഡ് ജേതാക്കൾക്ക് 25 മാർക്കും നൽകും.
നിലവിലെ രീതിയിൽ അക്കാദമിക് മികവ് പുലർത്തുന്നവരെക്കാൾ ഉയർന്ന മാർക്കുകൾ ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുവെന്നും പ്ലസ് വൺ അഡ്മിഷന് പരിഗണിക്കുമ്പോൾ ഗ്രേസ് മാർക്കിലൂടെ അധികമായി ഇൻഡക്സ് മാർക്ക് ലഭിക്കുന്നുവെന്നും ആയതിനാൽ ഗ്രേസ് മാർക്ക് ലഭിച്ചവർ മികച്ച അക്കാദമിക് നിലവാരമുള്ളവരെ അപേക്ഷിച്ച് മുൻപിലെത്തുകയും തന്മൂലം അക്കാദമിക് തലത്തിൽ മുൻപിൽ നിൽക്കുന്ന കുട്ടികൾ പിൻതള്ളപ്പെടുകയും ചെയ്യുന്നതിനാൽ നിലവിലുള്ള ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് പരീക്ഷാ കമ്മീഷണർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ശുപാർശ ചെയ്തിരുന്നു. സർക്കാർ ഇക്കാര്യം പരിശോധിക്കുകയും ഏപ്രിൽ 18ന് നടന്ന യോഗത്തിൽ ഗ്രേസ് മാർക്ക് പരിഷ്കരിച്ചിരിക്കുകയാണ്.