കൊച്ചി: ലൈഫ് മിഷൻ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഒന്നാം പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. സ്വപ്‌നാ സുരേഷാണ് കേസിലെ രണ്ടാംപ്രതി. കേസില്‍ ആകെ 11 പ്രതികളാണുള്ളത്.
യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ കേസിൽ ഏഴാം പ്രതിയാണ്. കേസിലെ മുഖ്യ സൂത്രധാരൻ എം. ശിവശങ്കറാണെന്ന് പറയുന്നു. വിദേശ പൗരനായ ഖാലിദും കേസിൽ പ്രതിയാണ്. ഖാലിദിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നും ഇ.ഡി വ്യക്തമാക്കി. സ്വപ്‌ന സുരേഷ് കേസിലെ രണ്ടാംപ്രതിയാണെങ്കിലും ഇനി അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇ ഡി കടക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ആഴ്ചയാണ് കേസിലെ അന്തിമ കുറ്റപത്രം ഇ ഡി കലൂരിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിച്ചതോടെ സ്വപ്നയുടെ അറസ്റ്റ് ഒഴിവാകും.
കുറ്റപത്രത്തിന്റെ പരിശോധനകള്‍ക്ക് ശേഷം പ്രത്യേക കോടതി സ്വപ്‌ന അടക്കമുള്ള പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കും. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദിനെതിരേ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവും ഇ.ഡി പ്രത്യേക കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഖാലിദ് ഒഴികെ മറ്റു പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാനും കോടതി മുമ്പാകെ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വപ്‌ന സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. എം. ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സ്വപ്‌ന ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയാണെന്നും അവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചത്.