2023ൽ ലോകം അനുഭവിക്കാൻ പോകുന്നത് സമാനതകളില്ലാത്ത റെക്കോഡ് ചൂടാകുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസം തിരിച്ചുവരുമെന്ന് കരുതുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ആഗോള താപനം കുറച്ച് പസഫിക് സമുദ്രത്തിൽ മൂന്നുവർഷം നിലനിന്ന ലാ നിന അവസാനിച്ച് എൽനിനോ വീണ്ടുമെത്തുന്നതാണ് അത്യുഷ്ണത്തിന് കാരണമാവുക.
ഈ വർഷമില്ലെങ്കിൽ അടുത്ത വർഷം എൽനിനോ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ‘എൽനിനോ ആഗോള വ്യാപകമായി അന്തരീക്ഷ മർദം കുത്തനെ ഉയർത്തുന്നതാണ് പതിവ്. 2023ലാണോ 2024ലാണോ ഇത് സംഭവിക്കും. ആഗോള വ്യാപകമായി 2016 ആണ് നിലവിൽ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. എൽ നിനോ പ്രതിഭാസത്തിന്റെ വലിയ സാന്നിധ്യമായിരുന്നു കാരണം.
എന്നാൽ, അതില്ലാത്ത വർഷങ്ങളിലും ലോകം കടുത്ത ചൂടിന്റെ പിടിയിലായിട്ടുണ്ട്. 2016ന്റെ മാതൃക കണക്കാക്കിയാൽ ഈ വർഷം ചൂട് കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്ന് ലണ്ടൻ ഗ്രാൻഥാം ഇൻസ്റ്റിറ്റ്യൂട്ടിലെ ഫ്രഡറിക് ഓട്ടോ പറയുന്നു.
യൂറോപ് ഏറ്റവും ചൂടുള്ള വേനൽ അനുഭവിച്ചത് 2022ലാണ്. എന്നാൽ, ഇതേ വർഷമാണ് പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം സമ്മാനിച്ച പ്രളയവും പേമാരിയുമുണ്ടാകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ അന്റാർട്ടിക് സമുദ്രത്തിലെ മഞ്ഞുനിരപ്പ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതും റിപ്പോർട്ട് ചെയ്യപ്പെട്ടു.