ന്യൂഡൽഹി: 2016ലെ ആർ.കെ പച്ചൗരി നൽകി കോടതിയലക്ഷ്യക്കേസിൽ നിരുപാധികം മാപ്പുപറയാൻ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫും എം.ഡിയുമായ അർണബ് ഗോസ്വാമി. ഡൽഹി ഹൈക്കോടതിയെയാണ് ഗോസ്വാമി ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതി പ്രവർത്തകനും ‘ദ എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട്'(ടെറി) മുൻ തലവനുമായ ആർ.കെ പച്ചൗരി നൽകിയ കോടതിയലക്ഷ്യക്കേസിലാണ് പ്രതികരണം. ‘ടൈംസ് നൗ’വിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് പച്ചൗരി അർണബിനെതിരെ കേസ് കൊടുത്തത്. പച്ചൗരിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. ആരോപണത്തിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന കോടതി ഉത്തരവുകൾ മനഃപൂർവം ലംഘിച്ചെന്ന് കാണിച്ചായിരുന്നു മാധ്യമങ്ങൾക്കെതിരെ പച്ചൗരി കേസ് കൊടുത്തത്. അന്ന് ടൈംസ് ഓഫ് നൗ എഡിറ്റർ ഇൻ ചീഫായിരുന്ന അർണബിനു പുറമെ ബെന്നെറ്റ് ആൻഡ് കോൾമാൻ, ദ എക്മോണിക് ടൈംസ്, രാഘവ് ഓഹ്രി, പ്രണോയ് റോയ് എന്നിവർക്കെതിരെയും പരാതി നൽകിയിരുന്നു. തനിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട വാർത്തകളോ ലേഖനങ്ങളോ പ്രസിദ്ധീകരിക്കുന്നതിനു കോടതി സമ്പൂർണ വിലക്കേർപ്പെടുത്തിയിരുന്നതായി പച്ചൗരിയുടെ ഹരജിയിൽ ചൂണ്ടിക്കാട്ടി. കേസ് നടപടികൾക്കിടെ 2020 ഫെബ്രുവരി 13ന് പച്ചൗരി മരിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകയായ മാളവിക ത്രിവേദിയാണ് അർണബ് ഗോസ്വാമിക്കു വേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്. ഒരാഴ്ചയ്ക്കിടെ അർണബിന്റെ നിരുപാധിക മാപ്പ് സമർപ്പിക്കാമെന്ന് അഭിഭാഷക ജസ്റ്റിസ് മൻമീത് പ്രിതം സിങ് അറോറയെ അറിയിച്ചു. തങ്ങളുടെ കക്ഷികൾ നേരത്തെ തന്നെ നിരുപാധികം മാപ്പുപറഞ്ഞിട്ടുണ്ടെന്ന് എക്ണോമിക് ടൈംസിനും രാഘവിനും വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു.