തിരുവനന്തപുരം: മോട്ടർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പ്രവര്‍ത്തിക്കുന്നത് സോളർ പവറിൽ. അതുകൊണ്ട് തന്നെ ഇത് അനായാസം മാറ്റി സ്ഥാപിക്കാന്‍ സാധിക്കും. നിലവിലുള്ള ക്യാമറകളുടെ സ്ഥാനം നിരന്തരമായി മാറ്റുമെന്നും അധികൃതർ പറയുന്നു.
ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇൻഫ്രാറെഡ് ക്യാമറകളായതിനാൽ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങൾ പകർത്താൻ കഴിയും. കൂടുതൽ കുറ്റകൃത്യങ്ങൾ പുതുതായി കൂട്ടിച്ചേർക്കാൻ കഴിയുന്ന രീതിയിലും, നിലവിലുള്ള കുറ്റകൃത്യങ്ങളുടെ പരിശോധന കൂടുതൽ കാര്യക്ഷമമായും തെറ്റു സംഭവിക്കാത്ത രീതിയിലും സ്വയം പരിഷ്ക്കരിക്കുന്ന രീതിയിലുമുള്ള ഡീപ് ലേണിങ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ആണ് എഐ ക്യാമറകളുടെ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്.
ഫലത്തിൽ ക്യാമറകളുടെ സ്ഥാനം മുൻകൂട്ടി മനസിലാക്കിയും ക്യാമറകൾ തിരിച്ചറിയാൻ കഴിയുന്ന ആപ്പുകൾ ഉപയോഗിച്ചും നിയമലംഘനം നടത്താൻ സാധിക്കാതെ വരും. എഐ ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ ജില്ലാ കൺട്രോൾ റൂമുകളിൽ പരിശോധിക്കുമ്പോൾ കണ്ടെത്തുന്ന മറ്റു കുറ്റങ്ങൾക്കു കൂടി നോട്ടിസ് തയാറാക്കി അയയ്ക്കും.
പ്രധാന കൺട്രോൾ റൂമിൽനിന്ന് ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ കൈമാറും. അവിടെ നിന്നു നോട്ടിസ് തയാറാക്കി വാഹന ഉടമകൾക്ക് നൽകും. അതോടൊപ്പം, വാഹന ഡാറ്റാ ബേസിൽ ഇ ചലാൻ സംവിധാനം വഴി കേസ് രേഖപ്പെടുത്തി വെർച്വൽ കോടതിയിലേക്ക് റഫർ ചെയ്യും. ഇത് വാഹനത്തിന് വിലക്കേർപ്പെടുത്തുന്നതിനും മറ്റ് സേവനങ്ങൾ എടുക്കുന്നതിനും ഭാവിയിൽ പ്രയാസം സൃഷ്ടിക്കാം. ചലാനുകളെ സംബന്ധിച്ചുള്ള പരാതികൾക്ക് അതത് ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫിസുമായി ബന്ധപ്പെടണം. ക്യാമറകൾ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും നോട്ടിസുകൾ തയാറാക്കി അയയ്ക്കുന്നതിനും കൺട്രോൾ റൂമുകൾ സജ്ജമാക്കിയതും കെൽട്രോൺ ആണ്. 166 കോടി രൂപയാണ് ചെലവ്. കെൽട്രോൺ ചെലവാക്കിയ തുക 5 വർഷ കാലാവധിയിൽ 20 തുല്യ ത്രൈമാസ ഗഡുക്കളായി സർക്കാർ നൽകും.
എഐ ക്യാമറ സര്‍ക്കാര്‍ ഖജനാവിലേക്ക് വരുമാനം കണ്ടെത്താനല്ലെന്ന് ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ് പറഞ്ഞു. അബദ്ധജടിലമായ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പുള്‍പ്പെടെ ഈടാക്കുന്ന പിഴയുടെ പകുതി റോഡ് സേഫ്റ്റി ആക്ട് അനുസരിച്ച് റോഡ് സേഫ്റ്റി അതോറിറ്റിക്കാണ് നല്‍കുന്നത്. അങ്ങനെ ലഭിച്ച 118 കോടിയില്‍ നിന്നാണ് ഇപ്പോള്‍ സംസ്ഥാനത്തുടനീളം എഐ ക്യാമറ പദ്ധതി നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ പിഴത്തുക ഈടാക്കുന്നത് സര്‍ക്കാരിന് വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമാണെന്നുള്ളത് തെറ്റായ പ്രചാരണമാണ്. അതില്‍ ആരും വീണുപോകരുതെന്ന് അദ്ദേഹം പറഞ്ഞു.
ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടാനായി സംസ്ഥാനത്ത് നാളെ മുതലാണ് എഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങുക. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിുലും കാറുകളിൽ സഞ്ചരിക്കുന്നവർ സീറ്റ് ബെൽറ്റും ധരിച്ചില്ലെങ്കിലും, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചാലും, അമിത വേഗത്തിൽ പോയാലും, ട്രാഫിക് സിഗ്നൽ തെറ്റിച്ചാലും ഒക്കെ പിടിവീഴും. ഒപ്പം വലിയ തുക പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ടാക്സ് അടയ്ക്കാൻ പോകുമ്പോള്‍ പിടിവീഴും. അല്ലെങ്കില്‍ വാഹനം കൈമാറ്റം ചെയ്യുന്ന സമയത്ത് പിടികൂടും. ഇങ്ങനെ പണം അടയ്ക്കുന്നവര്‍ നല്ലൊരുല പിഴയും നല്‍കേണ്ടി വരും. തുടര്‍ച്ചായി ഫൈൻ അടയ്ക്കാതെ മുങ്ങി നടക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനാണ് തീരുമാനം.