തിരുവനന്തപുരം : എതിർപ്പുകൾക്കിടെ മിൽമ റിച്ചിന്റെ (പച്ച കവർ പാൽ) വില വർധന പിൻവലിച്ചു. മിൽമ സ്മാർട്ട് വില വർധന തുടരും. രണ്ട് രൂപയാണ് പാൽ ലിറ്ററിന് കൂട്ടിയിരുന്നത്. എതിർപ്പുയര്‍ന്ന സാഹചര്യത്തിൽ പിൻവലിക്കുകയായിരുന്നു.
മിൽമക്ക് തെറ്റുപറ്റിയെന്നും വില വർധനക്ക് മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. മറ്റ് പാല് ഇനങ്ങളെ അപേക്ഷിച്ച് വെറും അഞ്ച് ശതമാനം ആവശ്യക്കാര്‍ മാത്രമാണ് ഈ രണ്ട് ഇനങ്ങൾക്കുമുള്ളതെന്നും അതുകൊണ്ട് പൊതുജങ്ങളെ വല്ലാതെ ബാധിക്കില്ലെന്നുമായിരുന്നു വിലവര്‍ധനയിൽ മിൽമയുടെ ന്യായം. മാത്രമല്ല മറ്റ് ഉത്പന്നങ്ങൾക്ക് വില കൂട്ടിയപ്പോഴും റിച്ചിനും സ്മാര്‍ടിനും വില കൂട്ടിയിരുന്നില്ലെന്നും മിൽമ പറയുന്നു.
കഴിഞ്ഞ ഡിസംബറില്‍ റിച്ച് പാലിന് ആറു രൂപ വര്‍ധിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നിലവിലെ വര്‍ധന പിന്‍വലിക്കാന്‍ മില്‍മയോട് നിര്‍ദേശിച്ചത്. കഴിഞ്ഞ തവണ വിലവര്‍ധിപ്പിച്ചപ്പോള്‍ സ്മാര്‍ട്ട് പാലിന് നാലുരൂപയായിരുന്നു കൂട്ടിയത്. ഇത് ഏകീകരിക്കാനാണ് രണ്ടുരൂപ കൂടി വര്‍ധിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു.
പാല്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാരിനെ അറിയിക്കാതിരുന്നത് മില്‍മയുടെ വീഴ്ചയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘വിലനിശ്ചയിക്കാനുള്ള അധികാരം മില്‍മയ്ക്കാണെങ്കിലും സര്‍ക്കാരിന്റെ അംഗീകാരം വാങ്ങണമായിരുന്നു. മാറ്റമുണ്ടാകുമ്പോള്‍ അറിയിക്കേണ്ടത് മില്‍മയുടെ ചുമതലയാണ്. അതില്‍ വീഴ്ചയുണ്ടായി’, മന്ത്രി വ്യക്തമാക്കി.