എറണാകുളം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും അദ്ദേഹം രാജിവച്ചു.
തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെയ്ക്കുന്നതെന്നാണ് വിശദീകരണം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്ന കാര്യത്തില്‍ ആത്മപരിശോധന നല്ലതാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ഘടകകക്ഷികള്‍ക്ക് യുഡിഎഫില്‍ നിന്ന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം, നിലവിലുള്ള ഒരു പാര്‍ട്ടിയിലും ചേരില്ലെന്നും മതേതര ദേശീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.’വരാന്‍ പോകുന്നത് ക്രിസ്ത്യന്‍ പാര്‍ട്ടിയല്ല. എല്ലാ സമുദായത്തില്‍പ്പെട്ട ആളുകളും അതിലുണ്ടാകും. ദേശീയ കാഴ്ചപ്പാടുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. ആരോടും പ്രത്യേക മമതയില്ലാതെ പ്രവര്‍ത്തിക്കണം. ആര്‍ക്കും ബദലാകാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.’ – ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം, ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ മുന്‍ എംഎല്‍എമാരെ അണിനിരത്തി സംസ്ഥാനത്ത് ബിജെപിയുടെ പിന്തുണയോടെ പുതിയ പാര്‍ട്ടി നിലവില്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.