തിരുവനന്തപുരം: കാച്ചാണിയില്‍ ഇരുപത്തിയൊന്‍പതുകാരിയായ അനുപ്രിയ എസ്. നാഥിന്റെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് പരാതി. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് എം.മനുവിനും വീട്ടുകാര്‍ക്കുമെതിരെ കത്തെഴുതിവച്ച ശേഷമാണ് അനുപ്രിയ ജീവനൊടുക്കിയത്. സ്ത്രീധനം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ പറഞ്ഞ് നിരന്തരം മാനസികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് കത്തില്‍ പറയുന്നു.
കാച്ചാണി പമ്മത്തുമൂലയില്‍ സുരേന്ദ്ര നാഥിന്റെയും പുഷ്പലതയുടെയും മകളായ അനുപ്രിയയുടെയും കൊല്ലം അഞ്ചല്‍ സ്വദേശി മനുവിന്റെയും വിവാഹം എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. അഞ്ചു ലക്ഷം രൂപ അവര്‍ക്ക് കല്യാണത്തിന് ചെലവായി. ഇവിടെനിന്ന് പണമൊന്നും നല്‍കിയിട്ടില്ല. തെണ്ടികല്യാണം നടത്തി.. ഇങ്ങനെയുള്ള കുത്തുവാക്കുകള്‍ പറഞ്ഞ് അവര്‍ കൊച്ചിനെ മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്ന് അനുപ്രിയയുടെ വല്യമ്മ പറയുന്നു. ബിടെക് ബിരുദധാരിയായിട്ടും അനുപ്രിയയെ ജോലിക്ക് പോകാന്‍ അവര്‍ സമ്മതിച്ചിരുന്നില്ല.
വിവാഹം കഴിഞ്ഞ് ഒന്നരമാസമായപ്പോള്‍ മനു വിദേശത്ത് ജോലിക്ക് പോയി. ആ സമയം അനുപ്രിയ ഗര്‍ഭിണിയായിരുന്നെങ്കിലും ശാരീരിക ഉപദ്രവങ്ങള്‍ കാരണം ഗര്‍ഭം അലസി. പിന്നീട് സ്വന്തം വീട്ടിലേക്ക് അനുപ്രിയ താമസം മാറി. എന്നാലും മനുവും മാതാപിതാക്കളും ഫോണ്‍വിളിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നതായി വീട്ടുകാര്‍ നല്കിയ പരാതിയില്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ആത്മഹത്യാപ്രേരണാകുറ്റം കേന്ദ്രീകരിച്ച് അന്വേഷണം അരംഭിച്ചു.