കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. റിമാൻഡ് കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിൽകൂടിയാണ് കോഴിക്കോട് ജില്ല സെഷൻസ് കോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്. യുഎപിഎ ഉൾപ്പെടെ ചുമത്തിയ സാഹചര്യത്തിൽ ജാമ്യമനുവദിക്കാനുളള സാധ്യതയില്ല.
അതേമയം, എൻഐഎ ഇന്നുതന്നെ കോടതിയിൽ റിപ്പോർട്ട് നൽകി ഷാരൂഖിനെ ഏറ്റെടുക്കാനുളള നടപടികൾക്കും തുടക്കമിടും. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിൽ ഇനി ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എൻഐഎ സംഘത്തിന് കേരളാ പൊലീസ് കൈമാറും. കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എൻഐഎ പരിശോധിക്കുക.
എൻഐഎ കൊച്ചി യൂണിറ്റ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇത് കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചു. യുഎപിഎ അടക്കമുളള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതിനിടെ, പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ ഷാരൂഖിനെ ജയിലിലേക്ക് മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഷാരൂഖ് നിലവിൽ ഉളളത്.