തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മെഡിക്കല്‍ കോളജിനെ സംബന്ധിച്ച് സുപ്രധാന പദ്ധകളുടെ ഉദ്ഘാടനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായി ന്യൂറോ കാത്ത് ലാബും, സ്‌ട്രോക്ക് ഐസിയുവും സിടി ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള സമഗ്ര സ്‌ട്രോക്ക് യൂണിറ്റാണ് യാഥാര്‍ത്ഥ്യമായത്. മെഡിക്കല്‍ കോളജില്‍ ആദ്യമായി ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു, എംഎല്‍ടി ബ്ലോക്കിന്റെ നിര്‍മ്മാണം എന്നിവയുടെ ഉദ്ഘാടനവും ഉണ്ടാകും. മെഡിക്കല്‍ കോളജില്‍ ആവിഷ്‌ക്കരിച്ച് വിജയകരമായി നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് മറ്റ് മെഡിക്കല്‍ കോളജുകള്‍ക്കും മാതൃകയാകുകയാണ്.
മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി 717 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളജില്‍ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ആരംഭമാണ് എംഎല്‍ടി ബ്ലോക്ക്. ഈ പുതിയ സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ മെഡിക്കല്‍ കോളജില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.