ഡല്‍ഹി: സിൽവർലൈൻ പദ്ധതി അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി വൈകാതെ ചർച്ച നടക്കും എന്നും വിശദീകരിച്ചു. ഇക്കാര്യം പിന്നീട് വിശദമായി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സഹമന്ത്രി വി മുരളീധരനെ സാക്ഷിയാക്കിയാണ് കേന്ദ്ര റെയിൽവെ മന്ത്രി സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്ന പ്രതീക്ഷ നൽകിയത്.
കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ രണ്ടാം ഘട്ടത്തില്‍ കാസര്‍കോട് വരെ ഓടുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. റെയില്‍പാതയിലെ വളവുകൾ എല്ലാം നിവർത്തും. അതിനായി സ്ഥലം ഏറ്റെടുക്കും. ഇതോടെ വന്ദേഭാരതിന്‍റെ വേഗത 110ലേക്ക് ഉയരും. രണ്ടാം ഘട്ടത്തിൽ വിശദമായ പദ്ധതി തയ്യാറാക്കി വേഗത കൂട്ടുമെന്നും മന്ത്രി പറഞ്ഞു. വന്ദേഭാരതിന്‍റെ കേരളത്തിലെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25 ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകെയന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.
നേമം, കൊച്ചുവേളി ടെർമിനലുകളുടെ വികസനത്തിനായി 166 കോടി അനുവദിക്കും. വർക്കല റെയിൽവേ സ്റ്റേഷൻ വികസനത്തിന് 170 കോടി വകയിരുത്തി. ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി റെയിൽവേ വികസന പദ്ധതികൾ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്നും റെയിൽപാത വികസനത്തിന് 381 കോടി അനുവദിച്ചെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.