തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ യാത്ര തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസർകോട് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍ വരെ സര്‍വീസ് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് കാസര്‍കോട് വരെ നീട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേഭാരതിന്‍റെ കേരളത്തിലെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25 ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകെയന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.
ഈ മാസം 24, 25 തിയതികളിലാകും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലുണ്ടാകുക. 25 ന് നിരവധി റെയിൽവേ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. 25 ന് രാവിലെ വന്ദേഭാരത് മോദി കേരളത്തിന് സമർപ്പിക്കും. വന്ദേ ഭാരത് കേരളത്തിൽ വരില്ലെന്ന് ചില രാഷ്ട്രീയ പാർട്ടികൾ പ്രചരിപ്പിച്ചു. എന്നാൽ ഇപ്പോൾ അതെല്ലാം മാറിയില്ലേയെന്നും അശ്വനി വൈഷ്ണവ് ചോദിച്ചു.
രണ്ടുഘട്ടമായി ട്രാക്കുകള്‍ പരിഷ്‌കരിക്കും. ഒന്നരവര്‍ഷത്തിനുള്ളില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ 110 കിലോമീറ്റര്‍ വേഗം കൈവരിക്കും. രണ്ടാംഘട്ടത്തില്‍ 130 കിലോമീറ്ററായി ഉയര്‍ത്തും. വളവുകള്‍ നിവര്‍ത്താന്‍ സ്ഥലമേറ്റടുക്കേണ്ടതുണ്ട്. ഇതിന് കൂടുതല്‍ സമയമെടുക്കും. ഡി.പി.ആര്‍. തയ്യാറായിക്കൊണ്ടിരിക്കുകയാണ്. രണ്ടാംഘട്ടം രണ്ടുമുതല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായാക്കുമെന്നും മന്ത്രി പറഞ്ഞു.
ഭാവിയില്‍ 160 കിലോമീറ്റര്‍ വേഗം കൈവരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇത് സങ്കീര്‍ണ്ണമായ പ്രവര്‍ത്തിയാണ്. നിലവില്‍ കേരളത്തിന് ഒരു വന്ദേഭാരത് സര്‍വീസ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഭാവിയില്‍ കൂടുതല്‍ സര്‍വീസുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 110 കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ ട്രാക്കുകള്‍ പരിഷ്‌കരിക്കാനായി 381 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വന്ദേഭാരതിന്റെ സ്റ്റോപ്പുകള്‍ ഉള്‍പ്പെടെ കാര്യങ്ങളില്‍ തീരുമാനമാവുന്നതേയുള്ളുയെന്നും അദ്ദേഹം പറഞ്ഞു.
എക്‌സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിൻ രാവിലെ 5.10നാണ് പുറപ്പെടുക. ട്രെയിൻ ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരിലെത്തും. കാസർഗോഡിലേക്ക് നീട്ടിയതിനാൽ പരിഷ്കരിച്ച സമയക്രമം ഉടൻ പുറത്തിറങ്ങിയേക്കും.
എക്‌സിക്യൂട്ടീവ് കോച്ചിൽ ഭക്ഷണമുൾപ്പെടെ തിരുവനന്തപുരം-കണ്ണൂർ നിരക്ക് 2,400 രൂപയാണ്. എക്കണോമി കോച്ചിൽ ഭക്ഷണമുൾപ്പെടെ തിരുവനന്തപുരം-കണ്ണൂർ നിരക്ക് 1,400 രൂപയാണ്.
78 സീറ്റ് വീതമുള്ള 12 എക്കണോമി കോച്ചുകളാണ് വന്ദേഭാരതിനുള്ളത്. 54 സീറ്റ് വീതമുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചുകളുമുണ്ട്. 44 സീറ്റ് വീതമുള്ള ഓരോ കോച്ചുകൾ മുന്നിലും പിന്നിലുമുണ്ടാകും.
ഇന്നലെയായിരുന്നു വന്ദേഭാരതിന്റെ പരീക്ഷണയോട്ടം. 7 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് എത്തിയത്. 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ, ഉച്ചയ്ക്ക് 12.19ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂരിലെത്തിയത്. കണ്ണൂരിൽ നിന്ന് 7 മണിക്കൂർ 20 മിനിറ്റ് എടുത്താണ് വന്ദേഭാരത് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.