കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് കേസിൽ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. സ്വർണം കൈപ്പറ്റിയവരുടെ സ്വത്തുക്കൾ ആണ് ഇഡി കണ്ടുക്കെട്ടിയത്. കോഴിക്കോട് സ്വദേശികളായ ടി.എം സംജു, ഷംസുദീൻ, കോയമ്പത്തൂർ സ്വദേശി നന്ദഗോപാൽ എന്നിവർക്കെതിരെയാണ് നടപടി. 27.65 ലക്ഷം രൂപയുടെ സ്വർണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് ഇഡി കണ്ടുക്കെട്ടിയത്.
കെ ജി എൻ ബൂളിയൻ ഉടമ നന്ദഗോപാലിൻറെ വീട്ടിലും സ്ഥാപനങ്ങളിലും കോഴിക്കോട് സ്വദേശികളായ സംജുവിന്റെയും ഷംസുദ്ദീന്റെയും വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. കടത്തി കൊണ്ടുവരുന്ന സ്വർണം സംജുവും ബന്ധുവായ ഷംസുദ്ദീനും വിൽപ്പന നടത്തിയിരുന്നതായും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടിസ് പിൻവലിച്ചതായി കേന്ദ്ര സർക്കാർ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്വത്ത് കണ്ടെത്തുന്നതിനെതിരെ സ്വപ്ന സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരെ കൊഫെപോസ പ്രകാരമുള്ള നടപടികൾ റദ്ദാക്കിയതിനാൽ സ്വത്ത് കണ്ടുകെട്ടാൻ കേന്ദ്ര അതോറിറ്റിക്ക് അധികാരമില്ലെന്നു കാണിച്ചാണു ഹൈക്കോടതിയെ സ്വപ്ന സമീപിച്ചത്.