തിരുവനന്തപുരം: പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് തിരിച്ചെത്തി. ഉച്ചയ്ക്ക് 2.10-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ഏഴ് മണിക്കൂര്‍ 20 മിനിറ്റുകൊണ്ടാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.
ഏഴ് മണിക്കൂര്‍ 10 മിനിറ്റാണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടത്തിനെടുത്ത സമയം. തിരിച്ചുള്ള ഓട്ടത്തില്‍ പത്ത് മിനിറ്റ് അധികം. ആദ്യ പരീക്ഷണ ഓട്ടം വിജയകരമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റെയില്‍വേ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
യാത്ര പുറപ്പെട്ട് 50 മിനിറ്റുകൊണ്ട് കൊല്ലത്തെത്തിയ ട്രെയിന്‍, 7.28ന് കോട്ടയത്തും 8.26ന് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലും എത്തി. തൃശൂരില്‍ 9.37നും തിരൂരില്‍ 10.48നും 11.17 ന് കോഴിക്കോടും 12.20ന് കണ്ണൂരിലും എത്തി. നിലവില്‍ പ്രതീക്ഷിച്ചവേഗം കൈവരിക്കാന്‍ ആയെന്നും ഭാവിയില്‍ കൂടുതല്‍ വേഗം ആര്‍ജിക്കാനാകുമെന്നും ലോക്കോ പൈലറ്റ് പ്രതികരിച്ചു.
പരീക്ഷണ ഓട്ടത്തിന്റെ അടിസ്ഥാനത്തില്‍ ട്രെയിനിന്റെ ഷെഡ്യൂള്‍ റെയില്‍വേ ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ട്രെയിന്‍ പുറപ്പെടുന്ന സമയം, സ്‌റ്റോപ്പുകള്‍, നിരക്കുകള്‍ എന്നിവ ഇതിലുണ്ടാകും. തിരുവനന്തപുരത്തു നിന്നും 1071 രൂപയായിരിക്കും കണ്ണൂരിലേക്കുള്ള കുറഞ്ഞ യാത്രാ നിരക്കെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി ഇനിയും നടന്നേക്കും. വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമ സമയക്രമം ചൊവ്വാഴ്ചയ്ക്ക് മുമ്പ് അറിയാന്‍ കഴിയുമെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്.