കൊല്‍ക്കത്ത: അധ്യാപക നിയമന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിക്ക് സിബിഐയുടെ നോട്ടിസ്. ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാനുള്ള കല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്ത് രണ്ട് മണിക്കൂറിനുളളിലാണ് നോട്ടിസ് അയച്ചിരിക്കുന്നത്. എന്നാല്‍ നോട്ടീസ് ഞായറാഴ്ച തയാറാക്കിയതാണെന്നും പിന്നാലെ ഇന്ന് അയച്ചതാണെന്നുമാണ് അറിയുന്നത്.
കേന്ദ്ര ഏജൻസികൾ തന്നെ വേട്ടയാടുകയാണെന്ന് അഭിഷേക് ബാനർജി പ്രതികരിച്ചു. പരീക്ഷയിൽ പരാജയപ്പെട്ടവർ ജോലിക്കായി 5 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ കൈക്കൂലി നൽകിയെന്നാണ് ആരോപണം. 2014 മുതൽ 2022 കാലയളവിൽ നടന്ന അഴിമതിയിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ 100 കോടി രൂപ സമാഹരിച്ചതായി സിബിഐ പറയുന്നു.
കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ മദ്യനയം രൂപീകരിച്ചതിൽ അഴിമതി നടത്തിയെന്ന കേസിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിൽ ആരെയും വെറുതെ വിടരുതെന്ന് സിബിഐയുടെ ഒരു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.