തിരുവനന്തപുരം, ഏപ്രിൽ 17, 2023: വെട്ടേറ്റ് കൈപ്പത്തി അറ്റുപോയ നിലയിൽ തിരുവനന്തപുരം കിംസ്ഹെൽത്തിലെത്തിയ 30 വയസ്സുകാരനായ യുവാവിന്റെ കൈപ്പത്തി തുന്നിച്ചേർത്തു. കൈപ്പത്തിയിലെ പരുക്കിന് പുറമെ തലച്ചോറിൽ അനിയന്ത്രിതമായി രക്തം കട്ട പിടിച്ചത് യുവാവിന്റെ ജീവൻ തന്നെ അപകടത്തിലാക്കുകയായിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ എട്ട് മണിക്കൂറിലധികം നീണ്ടുനിന്ന തലച്ചോറിലെ ശസ്ത്രക്രിയയ്ക്കും ഹാൻഡ് ആൻഡ് മൈക്രോവാസ്കുലാർ ശസ്ത്രക്രിയയ്ക്കുമൊടുവിൽ തലച്ചോറിൽ രക്തം കട്ടപിടിക്കുന്നത് നിയന്ത്രിച്ച് യുവാവിന്റെ കൈപ്പത്തി തുന്നിച്ചേർക്കുകയായിരുന്നു. അപകടം നടന്ന് 16 മണിക്കൂർ കഴിഞ്ഞിട്ടും മെഡിക്കൽ സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് യുവാവിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനായത്.
പ്രാദേശിക സംഘർഷത്തിൽ ആളുമാറി യുവാവിന് വെട്ടേൽക്കുകയായിരുന്നു. രോഗി ആശുപത്രിയിലെത്തിയപ്പോൾ തന്നെ എട്ട് മണിക്കൂറുകൾ പിന്നിട്ടിരുന്നു, സാധാരണയായി ഇത്തരത്തിൽ വിച്ഛേദിക്കപ്പെട്ട അവയവങ്ങൾ 6 മണിക്കൂറിനുള്ളിൽ (ഗോൾഡൻ ടൈം പീരീഡ്) തന്നെ തുന്നിച്ചേർക്കേണ്ടതുണ്ട്. ഇതുകൂടാതെ തലച്ചോറിലേറ്റ ഗുരുതര പരുക്ക് കൈപ്പത്തി തുന്നി ചേർക്കുന്നതിനുള്ള ശസ്ത്രക്രിയ വീണ്ടും വൈകുന്നതിനും കാരണമായി.
“തലയോട്ടി തകർന്ന് തലച്ചോറിലേക്ക് തറച്ചിരിക്കുന്ന അവസ്ഥയിലായിരുന്നതിനാൽ രോഗിയെ അടിയന്തരമായി ന്യൂറോസർജ്ജറിക്ക് വിധേയമാക്കുകയും ഒന്നര മണിക്കൂറിനുള്ളിൽ തലയോട്ടിയിലെ തകർന്ന അസ്ഥികൾ നീക്കം ചെയ്ത് ടൈറ്റാനിയം മിനി പ്ലേറ്റ് ഉപയോഗിച്ച് രക്തസ്രാവം പൂർണമായും നിയന്ത്രണവിധേയമാക്കുകയായിരുന്നു”, ന്യൂറോസർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.അജിത് ആർ. പറഞ്ഞു. അതേസമയം മറ്റൊരു ഓപ്പറേഷൻ തിയേറ്ററിൽ വേർപെട്ടു പോയ കൈപ്പത്തി തുന്നിച്ചേർക്കുന്നതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.
തലച്ചോറിലെ ശസ്ത്രക്രിയ പൂർത്തിയായ ഉടൻ തന്നെ ഹാൻഡ് ആൻഡ് മൈക്രോവാസ്കുലാർ സർജ്ജനും സീനിയർ കൺസൽട്ടന്റുമായ ഡോ. മനോജ് ഹരിദാസിന്റെ നേതൃത്വത്തിൽ കൈപ്പത്തി തിരികെ തുന്നി ചേർക്കാനുള്ള ശസ്ത്രക്രിയാനടപടികൾ ആരംഭിച്ചു. ഹാൻഡ് ആൻഡ് മൈക്രോവാസ്കുലാർ ഡോക്ടർമാരോടൊപ്പം അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ. ഷേർലി ജോൺ, ഡോ. വല്ലി എന്നിവരും നിർണായക ശസ്ത്രക്രിയയിലൂടെയാണ് ഞരമ്പുകളും അസ്ഥികളുമെല്ലാം തുന്നിച്ചേർത്ത് കൈപ്പത്തി പൂർവസ്ഥിതിയിലാക്കിയതിൽ സുപ്രധാന പങ്കുവഹിച്ചു. അസ്ഥികൾ കമ്പിയിട്ട് ഉറപ്പിച്ചശേഷം ഞരമ്പുകളും അറ്റുപോയ രക്തക്കുഴലുകളും മറ്റു സൂക്ഷ്മ നാഡികളുമെല്ലാം തുന്നിച്ചേർത്ത് രക്തയോട്ടം പൂർവസ്ഥിതിയിലാക്കുകയായിരുന്നു. തുടർന്ന് ഓർത്തോപീഡിക് സർജിക്കൽ സംഘത്തിന്റെ നേത്രത്വത്തിൽ യുവാവിന്റെ കാലിലെ ഒടിവുകൾക്കുള്ള ചികിത്സകളും ആരംഭിച്ചു.
രക്തപരിശോധനകൾക്കും ശസ്ത്രക്രിയയ്ക്ക് മുൻപായി രോഗിയെ മേജർ അനസ്തേഷ്യയ്ക്കടക്കം തയ്യാറെടുപ്പിക്കേണ്ടതുമായ 6 മണിക്കൂർ നീണ്ട ഫാസ്റ്റിംഗ് പ്രോട്ടോക്കോളുകൾക്കും ശേഷം മൈക്രോവാസ്കുലർ ശസ്ത്രക്രിയ ആരംഭിക്കുമ്പോഴേക്കും ഏകദേശം 12 മണിക്കൂർ കഴിഞ്ഞിരുന്നു. തള്ള വിരൽ മരവിച്ചിരുന്നിട്ടും (Rigor Mortis Stage) 16 മണിക്കൂറിന് ശേഷം രക്തയോട്ടം പുനഃസ്ഥാപിച്ച് കൈപ്പത്തി വിജയകരമായി തുന്നിച്ചേർക്കാൻ സാധിച്ചത് മൈക്രോവാസ്കുലാർ ശസ്ത്രക്രിയയിൽ തന്നെ അപൂർവ്വനേട്ടമാണെന്നും ഹാൻഡ് ഫിസിയോതെറാപ്പിയുടെ സഹായത്തോടെ മൂന്ന് മുതൽ നാല് മാസത്തിനുള്ളിൽ ചലനശേഷി വീണ്ടെടുക്കാമെന്നും ഡോ. മനോജ് ഹരിദാസ് പറഞ്ഞു. ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അജിത് ആർ, കൺസൾട്ടന്റ് ന്യൂറോ സർജൻമാരായ ഡോ. അബു മദൻ, ഡോ. നവാസ് എൻ.എസ്, ഡോ. ബോബി ഐപ്പ്, ന്യൂറോ അനസ്തെറ്റിസ്റ്റ് ഡോ. സുശാന്ത് ബി. എന്നിവർ ന്യൂറോ സർജിക്കൽ പ്രക്രിയയുടെ ഭാഗമായി.