പാറ്റ്ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി ഉയര്‍ന്നു. വിവിധ ആശുപത്രികളിലായി 14 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.
മോതിഹാരി, മുസഫർനഗർ എന്നിവിടങ്ങളിലെ ആശുപത്രികളിലായി 14 പേർ ചികിത്സയിലാണ്. തുർക്കൗലിയയിൽ വിൽപന നടത്തിയ മദ്യം കഴിച്ചവരാണു ദുരന്തത്തിനിരയായത്.
മദ്യദുരന്തവുമായി ബന്ധപ്പെട്ട് 80 പേരെ പോലീസ് അറസ്റ്റ് ചെയ്തു. റെയ്ഡിൽ 76 മദ്യക്കടത്തുകാർ പിടിയിലായി. ഇവരിൽനിന്നു 6,000 ലീറ്റർ വ്യാജമദ്യം പിടികൂടി നശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് തുർകൗലിയ, ഹർസിദ്ധി, സുഗൗലി, പഹാർപൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെയും രഘുനാഥ്പൂർ ഔട്ട്പോസ്റ്റിലെയും എസ്എച്ച്ഒമാരെ സസ്പെൻഡ് ചെയ്തതായി ഈസ്റ്റ് ചമ്പാരൺ എസ്പി അറിയിച്ചു.
അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം നിതീഷ് സർക്കാരിനാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരി ആരോപിച്ചു. ഈ വർഷമാദ്യം സാരൻ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 72 പേരാണു മരിച്ചത്.