സമീപകാലത്തായി പിണറായി വിജയന്റെ മോദിയോടുള്ള വിനീത വിധേയത്വം വ്യക്തമാക്കുന്ന പല സംഭവങ്ങളും തുടര്‍ച്ചയായി നടക്കുന്നു. സിപിഎമ്മിലെ സ്ത്രീകളെ സുരേന്ദ്രന് പൂതന എന്ന് വിളിച്ചതില്‍ പിണറായി വിജയനും സിപിഎമ്മിനും പരാതിയും പരിഭവവും ഇല്ലായിരുന്നു . മുന്‍മന്ത്രി ജലീലിനെ മറ്റൊരു ബി ജെ പി നേതാവ് തീവ്രവാദി എന്ന് വിളിച്ചതിനും സിപിഎമ്മിന് സന്തോഷം മാത്രമേ ഉള്ളൂ എന്നു തോന്നുന്നു. അതിനു ശേഷം മുഖ്യമന്ത്രിയുടെ മരുമകന് തീവ്രവാദ സംഘടനകളും ആയി ബന്ധമുണ്ടെന്ന ബിജെപിയുടെ ഗുരുതര ആരോപണത്തിനും പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ഭാഗത്തുനിന്ന് മൗനം മാത്രമായിരുന്നു മറുപടി.
ഭാരതത്തിന്റെ 40 വീരപുത്രന്മാരെ പുല്‍വാമയില്‍ നരേന്ദ്രമോദി കൊലയ്ക്ക് കൊടുത്തതാണെന്ന ഗുരുതരമായ വെളിപ്പെടുത്തല്‍ വന്നിട്ട് മണിക്കൂറുകള്‍ പിന്നിടുന്നു. ഇത്രയും ഗുരുതരമായ ഒരു വിഷയത്തില്‍ പോലും പിണറായി വിജയനും സിപിഎമ്മും കാണിക്കുന്ന മൗനം പ്രബുദ്ധ കേരളത്തെ അത്ഭുതപ്പെടുത്തുകയാണ്. ഒരു എംഎല്‍എ പോലും ഇല്ലാതെ ബിജെപി കേരളത്തെ അടക്കി ഭരിക്കുകയാണ്.
പുല്‍വാമയില്‍ നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് വിജയത്തിനായി നാല്പതു ജീവനുകള്‍ കുരുതി കൊടുത്തതാണ് . അത് വിളിച്ചു പറയാന്‍ പിണറായി വിജയന് ഭയം ഉണ്ടായിരിക്കും. എന്നാല്‍ ആ സത്യം വിളിച്ചു പറയാന്‍ ആഗ്രഹമുള്ള സിപിഎം പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ കോണ്‍ഗ്രസ് അവര്‍ക്കും ആത്മധൈര്യം പകര്‍ന്നിരിക്കും.
രാഷ്ട്രീയ ദുഷ്ടലാക്കോടെ നമ്മുടെ ധീര ജവാന്മാരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ നരേന്ദ്ര മോദി രാജ്യദ്രോഹി തന്നെയാണ്. ആ ഭീകരാക്രമണത്തിന് കൂട്ടുനിന്നവരെയും ആ സത്യം ജനങ്ങളോട് വിളിച്ചു പറയാന്‍ ഭയക്കുന്നവരെയും ഒരുപോലെ അകറ്റി നിര്‍ത്താന്‍ ഇന്ത്യന്‍ പട്ടാളക്കാരെ സ്നേഹിക്കുന്ന നമുക്ക് കഴിയണം. ഈ കൊടും ചതിക്ക് മാപ്പു കൊടുക്കരുത് , ഒരൊറ്റ ഇന്ത്യന്‍ പൗരനും .