വാഷിംഗ്ടൺ: യുഎസിലെ അലബാമയിൽ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിറന്നാൾ ആഘോഷച്ചടങ്ങിലായിരുന്നു ആക്രമണം.
ശനിയാഴ്ച രാത്രി 10:30 ഓടെ അലബാമയിലെ ഡാഡെവില്ലെയിലായിരുന്നു സംഭവം. കൗമാരക്കാരന്റെ ജന്മദിനാഘോഷത്തിനിടെയുണ്ടായ തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ കൃത്യമായ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. അക്രമിയെ പോലീസ് പിടികൂടിയോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
ഇരകളിൽ ഭൂരിഭാഗവും കൗമാരക്കാരാണെന്ന് ഇവിടുത്തെ പുരോഹിതരിൽ ഒരാളായ ബെൻ ഹെയ്സ് പറഞ്ഞു. തനിക്ക് ഈ വിദ്യാർഥികളിൽ പലരെയും അറിയാമായിരുന്നു. ‘ഡാഡെവില്ലെ ഒരു ചെറിയ പട്ടണമാണ്. അക്രമം ഈ പ്രദേശത്തെ എല്ലാവരെയും ബാധിക്കും’- ബെൻ ഹെയ്സ് കൂട്ടിച്ചേർത്തു.