ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വീഴ്ചയാണെന്ന ജമ്മു കാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലിൽ ഇന്ത്യ മറുപടി പറയണമെന്ന് പാക്കിസ്ഥാൻ. ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങൾക്കായി പുൽവാമയെ ഉപയോഗിക്കുകയായിരുന്നെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പുൽവാമ ആക്രമണത്തിന് ശേഷം മേഖലയിലെ സമാധാന അന്തരീക്ഷം തകർന്നതിൽ ഇന്ത്യ ഉത്തരവാദികളാണെന്നും സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലുകളെ അന്താരാഷ്ട്ര സമൂഹം മനസിലാക്കുമെന്നും പാക് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സത്യപാൽ മാലിക് വെളിപ്പെടുത്തൽ നടത്തിയത്. പുൽവാമ ആക്രമണം സുരക്ഷാ വീഴ്ച മൂലം സംഭവിച്ചതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും ധരിപ്പിച്ചെങ്കിലും ഇക്കാര്യത്തിൽ മൗനം പാലിക്കാനാണ് ഇരുവരും ആവശ്യപ്പെട്ടെന്നാണ് മാലിക് വെളിപ്പെടുത്തിയത്.
സര്‍ക്കാരിനും ബിജെപിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ അവർ ഇതിനെ ഉപയോഗിച്ചു. ആക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ പഴിചാരാനും ഇതിലൂടെ ബിജെപിക്ക് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുമായിരുന്നു ശ്രമമെന്നും മാലിക് തുറന്നടിച്ചു.
2019ൽ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ സത്യപാല്‍ മാലിക് ആയിരുന്നു ജമ്മു കാഷ്മീർ ഗവര്‍ണർ.