കൂവപ്പടി ജി. ഹരികുമാർ
ഗുരുവായൂർ: പുന്നത്തൂർ കോട്ടയിലെ കൊമ്പില്ലാക്കൊമ്പൻ ബാലകൃഷ്ണന്റെ ഗുരുവായൂരപ്പനോടുള്ള നിരന്തരമായ ആവശ്യം ഇതായിരുന്നിരിയ്ക്കാം. ജന്മനാ തനിയ്ക്ക് കൊമ്പുകളില്ല. രണ്ടു കൃത്രിമക്കൊമ്പുകൾ തന്ന് അനുഗ്രഹിക്കണേ ഭഗവാനേ.. ഒടുവിൽ വിഷുനാളിൽ ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു. ഭഗവാന്റെ ഇടപെടലിൽ കൃത്രിമക്കൊമ്പുകൾ കിട്ടിയ സന്തോഷത്തിന്റെ തലയെടുപ്പിലാണിപ്പോൾ പഴയ ‘മോഴ ബാലകൃഷ്ണൻ’. പുന്നത്തൂർ കോട്ടയിലെ തന്റെ കൂട്ടുകാരിൽ എല്ലാവർക്കും ഉത്സവങ്ങളിൽ പങ്കെടുക്കാൻ അവസരം കിട്ടുന്നു. താനാണെങ്കിൽ അഴകളവുകൾ എല്ലാം ഉണ്ടായിട്ടും കൊമ്പുകളില്ലാത്തതിനാൽ മാറ്റിനിർത്തപ്പെടുന്നുവെന്നതിൽ കാലങ്ങളായി ബാലകൃഷ്ണൻ ദുഃഖിതനായിരുന്നു. അതിനൊരു പരിഹാരമായത് ഇക്കഴിഞ്ഞ വിഷുനാളിലാണ്.
വിഷുക്കൈനീട്ടമായി ബാലകൃഷ്ണനു കിട്ടിയത് രണ്ട് അഴകൊത്ത കൃത്രിമക്കൊമ്പുകൾ. കായകുളം സ്വദേശിനിയും ഗുരുവായൂരപ്പന്റെ ഭക്തയുമായ സൂര്യയാണ് നാല്പതിനായിരം രൂപ വിലവരുന്ന കൃത്രിമകൊമ്പുകൾക്കുള്ള ചെലവുകൾ വഹിച്ചത്. വിഷുത്തലേന്നു വൈകിട്ട് പുന്നത്തൂർ കോട്ടയിൽ വെച്ച് നടന്ന ചടങ്ങിൽ സൂര്യയുടെ അഭാവത്തിൽ ആനപ്രേമിയായ വിഷ്ണുദത്ത് മേനോൻ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയന് കൊമ്പുകൾ കൈമാറി. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.എസ്. മായാദേവി, മാനേജർ സി. ആർ. ലെജുമോൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വർഷങ്ങളായി കെട്ടുംന്തറയിൽ നിന്നും അഴിക്കാതെ നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു ബാലകൃഷ്ണന്. വിഷു ദിനത്തിൽ 2 നേരവും ഭഗവാനെ ശിരസ്സിലേറ്റാനുള്ള ഭാഗ്യവും ഇത്തവണയുണ്ടായി.
എറണാകുളം പറവൂർ സ്വദേശി വിപിൻരാജ് ചക്കുമരശ്ശേരി എന്ന ആനശില്പിയുടെ കരവിരുതിൽ തീർത്ത കൊമ്പുകളാണ് ബാലകൃഷ്ണനിൽ വച്ചു പിടിപ്പിച്ചത്. നിർമിക്കപ്പെട്ട ഈ കൊമ്പുകൾ വെപ്പുകൊമ്പുകളാണെന് തിരിച്ചറിയാൻ സാധാരണക്കാർക്കു ബുദ്ധിമുട്ടാണ്. അത്രയ്ക്കു തന്മയത്വത്തോടെയാണ് വിപിൻരാജിന്റെ നിർമ്മിതി. പത്തടി ഉയരമുണ്ടെങ്കിലും പല പ്രമുഖപൂരങ്ങൾക്കും ബാലകൃഷ്ണനെ പരിഗണിക്കാതെ പോയത് കൊമ്പില്ലാക്കൊമ്പനായതിനാലാണ്. അതിനു പരിഹാരമായതോടെ ബാലകൃഷ്ണനും ഇനി ഗജതാരമാകും എന്നുറപ്പ്. ബാലകൃഷ്ണന്റെ പാപ്പാനായ സുമൻലാലും വലിയ സന്തോഷത്തിലാണ്.