ലക്നോ: വെടിയേറ്റ് മരിച്ച സമാജ്വാദി പാർട്ടി മുൻ എംപി ആതിഖ് അഹ്മദിന്റെയും സഹോദരൻ അഷ്റഫിന്റെയും മൃതദേഹം പ്രയാഗ്രാജിലെ കസാരി മസാരി ശ്മശാനത്തിൽ സംസ്കരിച്ചു. അതീഖിന്റെ മരണകാരണം നെഞ്ചിലും കഴുത്തിലേറ്റ വെടികളാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.
പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം രാത്രി ഏഴോടെ വൻ പോലീസ് അകമ്പടിയിലാണ് മൃതദേഹങ്ങൾ ശ്മശാനത്തിൽ എത്തിച്ചത്. അടുത്ത ബന്ധുക്കളെ മാത്രമാണ് ചടങ്ങുകൾക്കായി ശ്മശാനത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. മതപരമായ എല്ലാ ചടങ്ങുകളും പൂർത്തിയാക്കിയ ശേഷമാണ് സംസ്കാരം നടത്തിയത്.
അതേസമയം, കൊലപാതകത്തിലെ മൂന്ന് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസമാണ് കസ്റ്റഡിയിൽ വിട്ടത്. ഇരുവരെയും കൊലപ്പെടുത്താൻ ഉപയോഗിച്ചത് തുർക്കി നിർമിത തോക്കുകൾ ഉപയോഗിച്ചെന്ന് കണ്ടെത്തയിട്ടുണ്ട്. ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ഇവ തുർക്കിയിൽ നിന്ന് കടത്തിയതോ അനധികൃതമായി വാങ്ങിയതോ ആകാമെന്നാണ് സംശയിക്കുന്നത്.
ആറ് മുതൽ ഏഴ് ലക്ഷം രൂപ വരെ വില വരുന്നവയാണ് ഈ പിസ്റ്റളുകൾ. തുർക്കിഷ് തോക്ക് നിർമാണ കമ്പനിയായ ടിസാസ് നിർമിച്ച സെമി ഓട്ടോമാറ്റിക് പിസ്റ്റളാണിത്. 2001ലാണ് പിസ്റ്റളിന്റെ ശ്രേണി ആദ്യമായി നിർമിച്ചത്. 40 സെക്കൻഡിനുള്ളിൽ 20 റൗണ്ട് വെടിയുതിർത്താണ് പ്രതികൾ ആതിഖിനെയും അഷ്‌റഫിനെയും വെടിവച്ചുകൊന്നത്. ലൗലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരാണ് ഇരുവരേയും കൊലപ്പെടുത്തിയത്. തുടർന്ന് സംഭവസ്ഥലത്തു നിന്നും രക്ഷപെടാൻ ശ്രമിച്ച ഇവരെ പൊലീസ് പിടികൂടിയിരുന്നു.
2005-ലെ ഉമേഷ് പാൽ വധക്കേസിലെ പ്രതികളായ ആതിഖും സഹോദരനും ശനിയാഴ്ചയാണ് വെടിയേറ്റ് മരിച്ചത്. പ്രയാഗ്രാജ് മെഡിക്കൽ കോളജിൽ ഇരുവരേയും പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ അക്രമികൾ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആതിഖ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴായിരുന്നു ആക്രമണം.
ആതിഖിന്റെ മകൻ അസദ് അഹ്മദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. അസദിന്റെ സംസ്കാര ശുശ്രൂഷകളും കസാരി മസാരി ശ്മശാനത്തിലാണ് നടന്നത്.