അതീവ ഗുരുതരമായ ഒരു വെളിപ്പെടുത്തലാണ് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ജമ്മു-കശ്മീര്‍ ഗവര്‍ണറുമായ സത്യ പാല് മാലിക് നടത്തിയിരിക്കുന്നത്. 40 സിആര്‍പിഎഫ് ജവാന്മാര് ദാരുണമായി കൊല്ലപ്പെട്ട 2019ലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇടവരുത്തിയത് മോദി സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് വരുത്തിയ സുരക്ഷാ വീഴ്ചയായിരുന്നുവെന്നാണ് ആ സമയത്ത് കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യ പാല് മാലിക് തുറന്നുപറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റേയും പേരെടുത്ത് പറഞ്ഞുള്ള കടുത്ത വിമര്‍ശനമാണ് മുന്‍ ഗവര്‍ണറുടേത്. ഇത്രയധികം ജവാന്മാര് ഒരുമിച്ച് റോഡ് മാര്‍ഗം കടന്നുപോവുന്നതില്‍ സുരക്ഷാ ഭീഷണി ഉണ്ടെന്നും വെറും 5 വിമാനങ്ങളനുവദിക്കാന് ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന് മുമ്പില്‍ കൃത്യമായ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ദുരൂഹമായ കാരണങ്ങളാല്‍ വിമാനങ്ങള്‍ അനുവദിക്കാന്‍ ആഭ്യന്തര മന്ത്രി തയ്യാറായില്ല. ഈ വിവരം അന്നേ ദിവസം വൈകീട്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താന്‍ നേരിട്ട് ബോധ്യപ്പെടുത്തിയെന്നും മുന്‍ ഗവര്‍ണര്‍ സത്യ പാല് മാലിക് തുറന്നുപറയുന്നു. അതിന് പ്രധാനമന്ത്രി ഗവര്‍ണറോട് പറഞ്ഞ മറുപടി ഞെട്ടിപ്പിക്കുന്നതാണ്: ‘നീ ഇപ്പോള്‍ ഒന്നും സംസാരിക്കേണ്ട, വായ് മൂടി ഇരിക്ക്’!
40 ധീര ജവാന്മാരുടെ ജീവന് നഷ്ടപ്പെട്ട ഭീകരാക്രമണം ഭരണകൂടത്തിന്റെ അറിവോട് കൂടിയായിരുന്നോ? മോദിക്ക് രാഷ്ട്രീയാവശ്യമുണ്ടാകുമ്പോള് ഇങ്ങനെയെന്തെങ്കിലുമൊക്കെ സംഭവിക്കുന്നത് ഇതാദ്യമായിട്ടല്ല. 2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ തൊട്ട് മുന്നേയാണ് പുല്‍വാമയില്‍ ഈ ആക്രമണമുണ്ടായത്. ഇതിന്റെ തിരിച്ചടിയെന്ന നിലയിലാണ് പാക്കിസ്ഥാനിലെ ബലാകോട്ടില്‍ പ്രത്യാക്രമണം നടത്തിയതായി മോദി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. പാക് റഡാറുകളെ കബളിപ്പിക്കാന്‍ വേണ്ടി മഴ മേഘങ്ങളുള്ള ദിവസം നോക്കി താന്‍ തന്നെയാണ് ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കിയത് എന്ന പരിഹാസ്യമായ അവകാശവാദങ്ങളും നരേന്ദ്ര മോദി നേരിട്ട് നടത്തിയിരുന്നു.
ബിജെപിക്കനുകൂലമായി തീവ്ര ദേശീയതാ വികാരം ആളിക്കത്തിക്കാനും മറ്റ് ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ഇതിനേത്തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിജെപി അനുകൂല മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ മോദിയുടെ തകര്‍ന്നുപോയ 56 ഇഞ്ച് നെഞ്ചളവ് പ്രതിച്ഛായയുടെ പുനര്‍നിര്‍മ്മിതിക്കും അതുവഴി 2019ലെ ബിജെപിയുടെ തുടര്‍ വിജയത്തിനും വഴിയൊരുക്കിയതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സംഭവവികാസങ്ങളുടെ വിശ്വാസ്യതയാണ് ബിജെപി നേതാവ് കൂടിയായ മുന്‍ കശ്മീര്‍ ഗവര്‍ണറുടെ ഈ വെളിപ്പെടുത്തലിലൂടെ തകര്‍ന്നുപോവുന്നത്.
ഇത് അങ്ങേയറ്റം ഗുരുതരമായ ഒരു വിഷയമാണ്. ഈ രാജ്യത്തെ ഭരണകൂടം ഇന്നാട്ടിലെ ജനങ്ങളോട് കൃത്യമായ വിശദീകരണം നല്‍കണം. 135 കോടി ജനങ്ങളുടെ സുരക്ഷാപരമായ ആശങ്കകള്‍ക്കൊപ്പം 40 ധീര രക്തസാക്ഷികളുടെ ഓര്‍മ്മകളെങ്കിലും ബഹുമാനിക്കപ്പെടേണ്ടതുണ്ട്.