തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുന്നതും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ (എസ്ഐഎ) ഉപസ്ഥാപനവുമായ സ്കൂട്ട് ഇന്ത്യയില്‍നിന്നു വിവിധ രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കു ആറു ദിവസത്തെ പ്രത്യേക ടിക്കറ്റ് വില്‍പ്പന പ്രഖ്യാപിച്ചു. കമ്പനിയുടെ സര്‍വീസ് നെറ്റ് വര്‍ക്കിലുള്ള സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 6700 രൂപ മുതലാണ്. ഏപ്രില്‍ 12-ന് ആരംഭിച്ച വില്‍പ്പന 17-ന് അവസാനിക്കും. 2024 മാര്‍ച്ച് 27 വരെയുള്ള് യാത്രയ്ക്ക് ഈ ടിക്കറ്റ് ഉപയോഗിക്കാം.
തിരുവനന്തപുരം, അമൃത്സര്‍, കോയമ്പത്തൂര്‍, ഹൈദരാബാദ്, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം എന്നീ ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നു യാത്രക്കാര്‍ക്ക് തങ്ങളുടെ അവധിക്കാലത്തിനായി 33 ലക്ഷ്യസ്ഥാനങ്ങളില്‍ ഏതിലേക്കും ടിക്കറ്റ് റിസര്‍വ് ചെയ്യാം.
ഒരുവശത്തേയ്ക്കുള്ള ടിക്കറ്റ് നിരക്കാണ്് ( നികുതിയുള്‍പ്പെടെ) നല്‍കിയിട്ടുള്ളത്. അമൃത്്സര്‍- സിയൂള്‍ യാത്രയ്ക്ക് 14900 രൂപ മുതലും കോയമ്പത്തൂര്‍- സിംഗപ്പൂര്‍ യാത്രയ്ക്ക് 6700 രൂപ മുതലും തിരുവനന്തപുരം-യോഗ്യകര്‍ത്ത റൂട്ടില്‍ 8300 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്.
സിംഗപ്പൂരിനും ഏഷ്യ-പസഫിക്, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ ലക്ഷ്യസ്ഥാനങ്ങള്‍ക്കും ഇടയില്‍ സ്കൂട്ട് പാസഞ്ചര്‍ സര്‍വീസുകള്‍ നടത്തിവരുന്നു. സ്കൂട്ടിന്റെ നെറ്റ്വര്‍ക്ക് നിലവില്‍ 15 രാജ്യങ്ങളിലെ 71 ലക്ഷ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.