തിരുവനന്തപുരം:വര്‍ക്കലയില്‍ 23 വയസുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവം ഗാര്‍ഹിക പീഡനമെന്ന് പൊലീസ്. റാത്തിക്കല്‍ സ്വദേശി നെബീനയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് കല്ലമ്പലം ഞാറായിക്കോണം സ്വദേശി അഫ്സലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലുമണിയ്ക്കാണ് നെബീനയെ സ്വന്തം വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നെന്നും ഇതില്‍ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയെന്നും നെബീനയുടെ മാതാപിതാക്കള്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അഫ്സല് നെബീനയെ സ്വന്തം വീട്ടില്‍ കൊണ്ടു ചെന്നാക്കി മടങ്ങി. തുടര്‍ന്ന് മൊഴി ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അഫ്സല് നെബീനയെ ബൈല്‍റ്റ് ഊരി മര്‍ദ്ദിച്ചിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു. ഇതിനു പിന്നാലെയാണ് നെബീന തൂങ്ങിമരിച്ചത്.
അതേസമയം, അഫ്സലിന്റെ അമ്മയുടെ ഒത്താശയോടെയായിരുന്നു പീഡനമെന്നും മൊഴിയില്‍ പറയുന്നു. അഫ്സല്- മുംതാസ് ദമ്പതികള്‍ക്ക് ഒരു വയസുള്ള മകളുണ്ട്. ഗള്‍ഫില്‍ കടയില്‍ ജോലി ചെയ്യുന്ന അഫ്സല് മൂന്നുമാസം മുമ്പാണ് നാട്ടില്‍ അവധിക്കെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം അഫ്സലിനെ കോടതി റിമാന്‍ഡ് ചെയ്തു. കേസ് അന്വേഷണം വര്‍ക്കല ഡിവൈഎസ്പിയ്ക്ക് കൈമാറി.