കോടനാട്: കോടനാട് വനാതിർത്തിയിൽ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിൽ വരുന്ന കോടനാട് വനാതിർത്തിയിലെ നെടമ്പാറയ്ക്കു സമീപം, പുരയിടത്തിൽ വിഷുപ്പുലർച്ചെ 3 മണിയോടെയാണ് കാട്ടാന വീണതെന്നു പറയപ്പെടുന്നു.
നെടുമ്പാറ മുല്ലശ്ശേരി തങ്കന്റെ പുരയിടത്തിലെ കിണറിലാണ് ആന വീണത്. വനം വകുപ്പുദ്യോഗസ്ഥരും റവന്യൂ വകുപ്പുദ്യോഗസ്ഥരും എത്തി ആനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. ആനയെ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി.
കുറച്ച് ദിവസങ്ങളായി പ്രദേശത്തെ പലയിടത്തും കാട്ടാനകൾ കൂട്ടമായെത്തിയത് വാർത്തയായിരുന്നു. പത്തോളം ആനകളാണ് എത്തിയതെന്ന് നാട്ടുകാർ പറയുന്നു.
കാട്ടാനശല്ല്യം മൂലം ജനങ്ങളാകെ ഭയപ്പാടിലാണ്.
സംഭവ സ്ഥലത്ത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉണ്ടായി. ബെന്നി ബഹനാൻ എം.പി., എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ. എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.