ഏപ്രില്‍ 17 മുതല്‍ 23 വരെ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള സംബന്ധിച്ച് ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് നടത്തുന്ന വാർത്താ സമ്മേളനം
* എയര്‍ കണ്ടീഷന്‍ ചെയ്ത ഹാംഗറില്‍ 200 സ്റ്റാളുകള്‍
* ടൂറിസം, പി.ആര്.ഡി, ഐ.ടി മിഷന്, കിഫ്ബി എന്നിവയുടെ പ്രത്യേക പവലിയനുകള്‍
* ഔട്ട് ഡോര്‍ ഡിസ്പ്ലേ
* ദിവസവും സെമിനാറുകളും കലാപരിപാടികളും
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആലപ്പുഴയില്‍ ഏപ്രില്‍ 17 മുതല്‍;
മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന- വിപണന മേള ജില്ലയിൽ ഏപ്രില്‍ 17 മുതല്‍ 23 വരെ ആലപ്പുഴ ബീച്ചില്‍ നടക്കും. മേളയുടെ ഉദ്ഘാടനം ഏപ്രില്‍ 17ന് വൈകുന്നേരം നാലിന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയങ്ങളെ ആസ്പദമാക്കിയാണ് മേള ആവിഷ്കരിച്ചിരിക്കുന്നത്.
എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
എം.എല്‍.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്, രമേശ് ചെന്നിത്തല, യു. പ്രതിഭ, തോമസ് കെ. തോമസ്, ദലീമ ജോജോ, എം.എസ്. അരുണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, സംഘാടക സമിതി ചെയര്‍പേഴ്സണായ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ്, ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പ്രഭ ശശികുമാര്‍, എല്ജിന് റിച്ചാര്‍ഡ്, സബ് കളക്ടര്‍ സൂരജ് ഷാജി, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, സംഘാടക സമിതി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ് തുടങ്ങിയവര്‍ സംസാരിക്കും.
കഴിഞ്ഞ രണ്ടു വര്‍ഷക്കാലം വിവിധ വകുപ്പുകളും ഏജന്‍സികളും മുഖേന വികസന-ക്ഷേമ മേഖലകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ആവിഷ്കാരം, ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉത്പന്ന പ്രദര്‍ശനം, വില്‍പ്പന, വിവിധ വകുപ്പുകളുടെ തത്സമയ സേവനങ്ങള്‍, സെമിനാറുകള്‍, പ്രശസ്ത കലാകാരന്മാരുടെ കലാവിരുന്നുകള്‍ തുടങ്ങിയവയാണ് പരിപാടികളുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. 200 സ്റ്റാളുകളാണ് എയര്‍ കണ്ടീഷന്‍ ചെയ്ത ഹാംഗറിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്.
വ്യവസായ വകുപ്പിന് കീഴിലെ എം.എസ്.എം.ഇ. യൂണിറ്റുകള്‍, കുടുംബശ്രീ, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ എന്നിവര്‍ അണിനിരക്കുന്ന വിപണനമേള, ബി ടു ബി മീറ്റ്, പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനും ധനസഹായത്തിന് വഴി കാട്ടുന്നതിനുമുള്ള ക്ലിനിക്കുകള്‍, ടെക്നോളജി പ്രദര്‍ശനം, ചര്‍ച്ചാവേദി, ഭക്ഷ്യമേള, തത്സമയ മത്സരങ്ങള്‍ എന്നിവയും മേളയില്‍ ഉണ്ടായിരിക്കും.
മേളയിലെ അക്ഷയ കേന്ദ്രം സ്റ്റാളിൽ ആധാർ ഉൾപ്പെടെയുള്ള സേവനങ്ങൾ സൗജന്യമായി ലഭ്യമാകും. പൊലീസ്, കൃഷി, വ്യവസായം എന്നിവയുടെ പവലിയനുകള്‍ മേളയുടെ മാറ്റ് കൂട്ടും. എല്ലാ ദിവസവും വൈകുന്നേരം 6.30-ന് ശ്രദ്ധേയരായ കലാകാരന്മാര് അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.
എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ രാവിലെയും ഉച്ചക്കുമായി സെമിനാറുകളും ബോധവത്കരണ പരിപാടികളും നടക്കും.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഏകോപനത്തില്‍ കിഫ്ബിയുടെ പങ്കാളിത്തത്തോടെ ജില്ല ഭരണകൂടവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, മിഷനുകള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും തീം സ്റ്റാളുകള്‍, തത്സമയ സേവനം നല്കുന്ന സ്റ്റാളുകള്‍, വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിപണന സ്റ്റാളുകള്‍, കുടുംബശ്രീ ഏകോപിപ്പിക്കുന്ന ഫുഡ്കോര്‍ട്ട്, സമ്മേളനങ്ങള്‍ക്കും സെമിനാറുകള്‍ക്കും കലാപരിപാടികള്‍ക്കുമുള്ള വേദി എന്നിങ്ങനെയാണ് പ്രദര്‍ശന മേഖല വേര്‍തിരിച്ചിരിക്കുന്നത്.
ആധാര്‍ രജിസ്ട്രേഷന്, പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ തത്സമയം അക്ഷയയുടെ പവിലിയനില്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് സംബന്ധമായ പ്രശ്നങ്ങള്‍ ഭക്ഷ്യവകുപ്പിന്റെ സ്റ്റാളില്‍ പരിഹരിക്കാം. റവന്യൂ സംബന്ധമായ സേവനങ്ങളുമായാണ് റവന്യൂ വകുപ്പിന്റെ സ്റ്റാള്‍. മാലിന്യ സംസ്കരണത്തിലെ പുതിയ മാതൃകകള്‍ ശുചിത്വ മിഷന് അവതരിപ്പിക്കും. യുവജനങ്ങള്‍ക്കായി സേവനം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി സ്റ്റാളുകളൊരുക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്, തൊഴില്‍ – എംപ്ലോയ്മെന്റ് വകുപ്പുകള്‍, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, അസാപ് തുടങ്ങിയവയുടെ സ്റ്റാളുകളും ഈ വിഭാഗത്തിലുണ്ടാകും. ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട നൂതന മാതൃകകള്‍ അനര്‍ട്ടിന്റെയും എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. കിഫ്ബിയുടെ പ്രത്യേക പവിലിയനില്‍ കിഫ്ബി പദ്ധതികളുടെ അവതരണം നടക്കും.
സഹകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, സപ്ലൈകോ, എക്സൈസ്, ഫയര്‍ ആൻഡ് റെസ്ക്യൂ, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, മോട്ടോര്‍ വെഹിക്കിള്‍, പൊതുമരാമത്ത്, രജിസ്ട്രേഷന്, സോഷ്യല്‍ ജസ്റ്റിസ്, വനിത ശിശുക്ഷേമം, സാമൂഹ്യനീതി, പട്ടികജാതി, പട്ടികവര്‍ഗം, കയര്‍, ലീഗല്‍ മെട്രോളജി, ഹോമിയോ, വനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. കൃഷി, വനം, പൊലീസ് വകുപ്പുകളുടെ ഔട്ട് ഡോര്‍ ഡിസ്പ്ലെ സോണുകളും സജ്ജമാക്കുന്നുണ്ട്. പൊലീസിന്റെ ആഭിമുഖ്യത്തില്‍ ഡോഗ് ഷോ, വാഹന പ്രദര്‍ശനം, സ്വയംരക്ഷാ പരിശീലന പ്രദര്‍ശനം എന്നിവയും പ്രദര്‍ശന നഗരിയില്‍ അരങ്ങേറും. തീം വിഭാഗത്തിലും വില്‍പ്പന വിഭാഗത്തിലും മികച്ച മൂന്നു സ്റ്റാളുകള്‍ക്ക് 23-ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ സമ്മാനം നല്‍കും മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
മേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ഏപ്രിൽ 17 -ന് മൂന്നുമണിക്ക് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. എൽ എസ് ജി ഡി യുടെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന ഘോഷയാത്രയിൽ ജില്ലയിലെ എംപിമാർ എംഎൽഎമാർ ജനപ്രതിനിധികൾ ജില്ലാ കളക്ടർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കലക്ടറേറ്റിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഉദ്ഘാടന വേദിയിൽ സമാപിക്കും.
മേളയുടെ മികച്ച കവറേജിന് പുരസ്കാരം നൽകും.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ., ജില്ല കളക്ടർ ഹരിത വി.കുമാർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, ജനറൽ മാനേജർ ഇൻഡസ്ട്രീസ് കെ.എസ്. ശിവകുമാർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
#ആലപ്പുഴ ബീച്ചില്‍ ഇനി ആഘോഷ രാവുകള്‍*
-ഗസല്‍ നിലാവൊരുക്കാന്‍ ഷഹബാസ് അമന്
ആലപ്പുഴ: ഏപ്രില്‍ 17 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ആലപ്പുഴ ബീച്ചില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് ആഘോഷത്തിന്റെ സായാഹ്നങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികളുടെ ഭാഗമായാണ് എല്ലാ ദിവസവും വൈകുന്നേരം 6.30ന് ബീച്ചില്‍ പ്രത്യേക കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ആദ്യ ദിവസമായ ഏപ്രില്‍ 17-ന് രാജേഷ് ചേര്‍ത്തലയുടെ പുല്ലാങ്കുഴല്‍ വിസ്മയ പരിപാടി നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലെ പരിപാടികളുടെ പട്ടിക ചുവടെ;
ഏപ്രില്‍ 18- നാടന്‍ പാട്ടുമായി ബാനര്‍ജിയുടെ കനല് ഫോക്ക് ബാന്‍ഡ്
ഏപ്രില്‍ 19 – ഷഹബാസ് അമന്റെ ഗസല്‍ രാവ്
ഏപ്രില്‍ 20 – സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീതനിശ
ഏപ്രില്‍ 21 – ചലച്ചിത്ര നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോന് നയിക്കുന്ന മ്യൂസിക് ബാന്‍ഡ്
ഏപ്രില്‍ 22 – കൊച്ചിന് റിലാക്സ് അവതരിപ്പിക്കുന്ന മെഗാ ഷോ
ഏപ്രില്‍ 23 – താമരശ്ശേരി ചുരം ബാന്‍ഡ് ലൈവ് ഷോ
ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും മുതല്‍ സൈബര്‍ സുരക്ഷ വരെ;
കാലിക പ്രസക്തമായ സെമിനാറുകള്‍
ആലപ്പുഴ: ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും മുതല്‍ സൈബര്‍ സുരക്ഷവരെയുള്ള കാലികപ്രസക്തമായ വിഷയങ്ങളില്‍ വിവിധ സെമിനാറുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിലെ വേദിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 18 മുതല്‍ 23വരെയാണ് സെമിനാറുകള്‍.
ഭരണഘടനയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ സാമൂഹ്യ നീതിയും എന്ന വിഷയത്തില്‍ സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറോടെ ഏപ്രില്‍ 18നാണ് തുടക്കം. രാവിലെ 11ന് നടക്കുന്ന സെമിനാര്‍ പി.പി. ചിത്തരഞ്ജന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ അധ്യക്ഷത വഹിക്കും. നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ ഡോ.ജി. മോഹന്‍ ഗോപാല്‍ വിഷയം അവതരിപ്പിക്കും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, ജില്ല വനിത ശിശുവികസന ഓഫീസര്‍ എല്‍. ഷീബ എന്നിവര്‍ പങ്കെടുക്കും. ജില്ല സാമൂഹ്യ നീതി ഓഫീസര്‍ എ.ഒ. അബീന് മോഡറേറ്ററാകും.
ഉച്ചകഴിഞ്ഞ് രണ്ടിന് മാറുന്ന കാലവും മാറുന്ന തൊഴിലും എന്ന വിഷയത്തില്‍ തൊഴില്‍ വകുപ്പിന്റെ സെമിനാര്‍ നടക്കും. റിട്ട. അസി. ലേബര്‍ ഓഫീസര്‍ പി. സാബു വിഷയം അവതരിപ്പിക്കും. അസി. ലേബര്‍ ഓഫീസര്‍ ഷിബു മോഡറേറ്ററാകും.
19ന് രാവിലെ 11ന് ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും എന്ന വിഷയത്തിലാണ് സെമിനാര്‍. എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. അഡ്വ. എഫ്. ഫാസില വിഷയം അവതരിപ്പിക്കും. ജില്ല വനിത ശിശുവികസന ഓഫീസര്‍ എല്‍. ഷീബ മോഡറേറ്ററാകും. വനിത ശിശുവികസന വകുപ്പാണ് സംഘാടകര്‍.
ഉച്ചകഴിഞ്ഞ് രണ്ടിന് ബാലാവകാശവും ശിശു സംരക്ഷണ നിയമങ്ങളും എന്ന വിഷയത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍ നടക്കും. ലിനു ലോറന്‍സ് വിഷയം അവതരിപ്പിക്കും. ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ടി.വി. മിനിമോള്‍ മോഡറേറ്ററാകും.
20ന് രാവിലെ 11ന് തിളങ്ങുന്ന പൊതുവിദ്യാലയങ്ങള്‍ എന്ന വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്ന സെമിനാറില്‍ സി-സിസ് കുസാറ്റ് ഡയറക്ടര്‍ ഡോ.പി. ഷൈജു വിഷയം അവതരിപ്പിക്കും. ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.ജെ. ബിന്ദുവാണ് മോഡറേറ്റര്‍
ഉച്ചകഴിഞ്ഞ് രണ്ടിന് വേനല്‍ക്കാല ആരോഗ്യം എന്ന വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ സെമിനാര്‍ നടക്കും. ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കോശി പണിക്കര്‍ വിഷയം അവതരിപ്പിക്കും. ജില്ല മാസ് മീഡിയ ഓഫീസര്‍ അരുണ്‍ലാല്‍ മോഡറേറ്ററാകും.
22ന് രാവിലെ 11ന് ലഹരി മുക്ത യുവത എന്ന വിഷയത്തിലാണ് സെമിനാര്‍. ടി.ഡി. മെഡിക്കല്‍ കോളേജ് പ്രൊഫ. ഡോ.ബി. പദ്മകുമാര്‍ വിഷയം അവതരിപ്പിക്കും. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ മനോജ് കൃഷ്ണേശ്വരി മോഡറേറ്ററാകും. എക്സൈസ് വകുപ്പാണ് സംഘാടകര്‍.
ഉച്ചകഴിഞ്ഞ് രണ്ടിന് പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സൈബര്‍ ലോകത്ത് സുരക്ഷിതമായി ജീവിക്കാം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ വിപിന്‍ ജോര്‍ജ്, മഹിമ മേരി മാത്യൂ എന്നിവര്‍ പങ്കെടുക്കും. പി.പി. ജയകുമാര്‍ മോഡറേറ്ററാകും.
സമാപനദിവസമായ 23ന് രാവിലെ 11ന് ഉത്തരവാദിത്ത ഖരമാലിന്യ സംസ്കരണത്തെക്കുറിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ മുഖ്യാതിഥിയാകും. നഗരസഭാധ്യക്ഷ സൗമ്യ രാജ്, ശുചിത്വ മിഷന് ജില്ല കോ-ഓര്‍ഡിനേറ്റര്‍ വി. ശ്രീബാഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, നവകേരളം പദ്ധതി ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. രാജേഷ് എന്നിവര്‍ പങ്കെടുക്കും. കില റിസോഴ്സ് പേഴ്സണ്‍ സി.പി. സുനില്‍ മോഡറേറ്ററായിരിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ഹോമിയോപ്പതിയും യുവജനാരോഗ്യവും എന്ന വിഷയത്തിലാണ് സെമിനാര്‍. ആയുഷ് (ഹോമിയോപ്പതി) വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കഞ്ഞിക്കുഴി മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.എസ്. ബല്‍രാജ് വിഷയം അവതരിപ്പിക്കും. പാലമേല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. വി. സജീവാണ് മോഡറേറ്റര്‍.
റെയില്‍വേ ഗേറ്റ് അടച്ചിടും
ആലപ്പുഴ: ചേര്‍ത്തല- മാരാരിക്കുളം സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള 37-ാം നമ്പര്‍ ലെവല്‍ ക്രോസില്‍( പതിനൊന്നാം മൈല്‍) അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 16 ഉച്ചയ്ക്ക് രണ്ട് മുതല്‍ 19ന് വെകിട്ട് ആറ് വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങള്‍ ആഞ്ഞിലിപ്പാലം (നം36), തിരുവിഴ വടക്ക്(നം41) ഗേറ്റുകള്‍ വഴി പോകണം.