കോഴിക്കോട്: താമരശേരിയില്‍ നാലംഗസംഘം തട്ടിക്കൊണ്ടുപോയ ഷാഫിയുടെ വിഡിയോ സന്ദേശം തള്ളി കുടുംബം. തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ താനാണന്ന് ഷാഫിയെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിച്ചതാണന്നും കുടുംബത്തില്‍ ഭിന്നതയുണ്ടാക്കുകയാണു ലക്ഷ്യമെന്നും സഹോദരന്‍ നൗഫല്‍. കൊടുവള്ളി സ്വദേശി സാലിയാണ് പിന്നിലെന്നും കുടുംബം ആവര്‍ത്തിച്ചു.
ഷാഫിയുമായി തങ്ങൾക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്നതാണ് സത്യം. ഷാഫിയെ തട്ടിക്കൊണ്ടു പോയ അന്നു മുതൽ പ്രതികളെ കണ്ടെത്താൻ ശ്രമിക്കുകയാണ്. തൻ്റെ കുടുംബം ഒന്നടങ്കം ഷാഫിയുടെ വീട്ടിലാണ്. വീഡിയോയിൽ പറഞ്ഞത് പോലെ സ്വർണം കടത്താൻ ഷാഫി കഴിഞ്ഞ 12 വർഷത്തിനിടക്ക് സൗദി അറേബ്യയിൽ പോയിട്ടില്ലെന്നും ഇക്കാര്യം പാസ്പോർട്ട് പരിശോധിച്ചാൽ ബോധ്യമാവുമെന്നും സഹോദരൻ നൗഫൽ പറയുന്നു.
സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി നൗഫലാണ് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ കൊടുത്തതെന്നും നൗഫലിനെ സൂക്ഷിക്കണമെന്ന് ബാപ്പ പലപ്പോഴും പറഞ്ഞിരുന്നുവെന്നുമായിരുന്നു കഴിഞ്ഞദിവസത്തെ വിഡിയോയില്‍ ഷാഫിയുടെ വെളിപ്പെടുത്തൽ. എന്നാല്‍ ഈ വിഡിയോ പൂര്‍ണമായും തള്ളിക്കളയുകയാണ് ഷാഫിയുടെ കുടുംബം.
‘‘ഷാഫിയെ തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശി സാലിയുടെ സംഘമാണ്. പൊലീസിന്റെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഷാഫിയുമായി തര്‍ക്കമുള്ള സാലി ഒരുമാസം മുമ്പ് വീട്ടില്‍ കയറി ഭീഷണി മുഴക്കിയിരുന്നു’’ – കുടുംബം അറിയിച്ചു.