തൃശൂർ: കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായ യുവാവ് ഗുരുതരാവസ്ഥയില്‍. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മര്‍ദനത്തിനിരയായത്. അടയ്ക്ക മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സന്തോഷിനെ പിടികൂടിയത്. തുടർന്ന് സന്തോഷിനെ കെട്ടിയിട്ട് മര്‍ദിച്ചതിന്റെ ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചു.
മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സന്തോഷിനെ ഐസിയുവിലേക്ക് മാറ്റി. സന്തോഷ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
കിള്ളിമംഗലം സ്വദേശി അബ്ബാസിന്‍റെ വീട്ടില്‍വച്ചാണ് സന്തോഷിന് മര്‍ദനമേറ്റത്. ഇവിടെനിന്ന് സ്ഥിരമായി അടയ്ക്ക മോഷണം പോകാറുണ്ടായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചു. ഇന്ന് പുലര്‍ച്ചെ ഇയാള്‍ ഇവിടെനിന്ന് അടയ്ക്ക എടുക്കാന്‍ വരുന്നതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.
ഇവര്‍ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെ വിവരമറിയിച്ചശേഷം ഇയാളെ പിടികൂടി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സംഭവത്തില്‍ ചേലക്കര പോലീസ് കേസെടുത്തു. വീട്ടില്‍ അതിക്രമിച്ച് കടന്നതിനും മോഷ്ടിക്കാന്‍ ശ്രമിച്ചെന്നുള്ള വീട്ടുകാരുടെ പരാതിയിലും പോലീസ് കേസെടുത്തു.
ചികിത്സയിലുള്ള സന്തോഷ് അവിവാഹിതനാണ്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്.