എറണാകുളം: പാലാരിവട്ടത്ത് നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെപ്പിലെ വീഴ്ച്ചയിൽ അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്. കുടുംബത്തിന്റെ പരാതിയിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്.
ആദ്യത്തെ ബിസിജി കുത്തിവയ്പ്പിന് പകരം കുഞ്ഞിന് നൽകിയത് ആറ് ആഴ്ചക്കുശേഷം നൽകണ്ടേ കുത്തിവയ്പ്പാണ്. ബുധനാഴ്ചയാണ് പാലാരിവട്ടം സ്വദേശികളായ ദമ്പതിമാര്‍ കുഞ്ഞിന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുത്തിവെപ്പെടുത്തത്. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനു നല്‍കേണ്ട വാക്സിന് പകരം 45 ദിസവം പ്രായമായ കുഞ്ഞിനു നല്‍കേണ്ട വാക്സിനാണ് നല്‍കിയത്. വീഴ്ച തിരിച്ചറിഞ്ഞതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും പൊലീസിലും പാലാരിവട്ടം സ്വദേശികളായ ദമ്പതികൾ പരാതി നൽകിയിരുന്നു.
വാക്‌സിൻ എടുത്ത് തിരിച്ച് വീട്ടിൽ എത്തിയ ശേഷം ഹെൽത്ത് കാർഡ് പരിശോധിച്ചപ്പോഴാണ് വാക്‌സിൻ മാറ്റി കുത്തിവച്ച വിവരം മാതാപിതാക്കൾ തിരിച്ചറിയുന്നത്. അപ്പോൾ തന്നെ കുടുംബാരോഗ്യകേന്ദ്രത്തിൽ വിവരമറിയിക്കുകയും അവരുടെ നിർദേശപ്രകാരം കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. 48 മണിക്കുർ നിരീക്ഷിച്ചതിന് ശേഷം കുഞ്ഞിനെ ഡിസ്ചാർജ്ജ് ചെയ്‌തെങ്കിലും കുട്ടിക്ക് പനി മാറിയിട്ടില്ല. എന്നാൽ വാക്‌സിൻ മാറി എടുത്താൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആശുപത്രി അധികൃതർ കൃത്യമായ വിവരം നൽകിയിട്ടില്ല.