ന്യൂഡല്‍ഹി: പുല്‍വാമ സംഭവവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണത്തില്‍ കേന്ദ്രത്തിനെതിരേ പ്രതികരണവുമായി കോണ്‍ഗ്രസ്. സത്യപാല്‍ മാലിക്കിന്റേത് ഗൗരവമേറിയ വെളിപ്പെടുത്തലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ബിജെപിയിലെ ഉന്നത നേതാവാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. സത്യം പുറത്ത് വന്നു കൊണ്ടേയിരിക്കും. പ്രധാനമന്ത്രിയുമായി അടുത്തു നിന്ന വ്യക്തിയുടെ പ്രസ്താവനയാണ്. അതിനാൽ വിഷയത്തിൻ്റെ ഗൗരവം കൂടുന്നു. പ്രധാനമന്ത്രിയെ തുറന്ന് കാണിച്ചതിനാണ് സത്യപാൽ മല്ലിക്കിന് മതിയായ സുരക്ഷയും വീടും നൽകാത്തത്. വിഷയം പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഖാർഗെ സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം മിണ്ടരുതെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്നോട് ആവശ്യപ്പെട്ടെന്നുമാണ് സത്യപാല്‍ മല്ലിക് വെളിപ്പെടുത്തല്‍. ദ് വയറിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക്കിന്‍റെ ആരോപണങ്ങള്‍. പുല്‍വാമ ആക്രമണമുണ്ടായപ്പോള്‍ സത്യപാല്‍ ആയിരുന്നു ജമ്മു കശ്മീര്‍ ഗവര്‍ണര്‍.
പുല്‍വാമ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാന്‍ സി.ആര്‍.പി.എഫ്. എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍വെച്ച് പുല്‍വാമ ഭീകരാക്രമണത്തിലെ വീഴ്ചകള്‍ പ്രധാനമന്ത്രിയോട് ധരിപ്പിച്ചപ്പോള്‍ ആരോടും പറയരുതെന്ന് നരേന്ദ്ര മോദി പറഞ്ഞെന്നും സത്യപാല്‍ മാലിക്ക് അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.