ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെതിരായ സിബിഐ നടപടിയിൽ പ്രതികരണവുമായി ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി മർലേന. പ്രതിപക്ഷ ഐക്യം കണ്ട് ഭയന്നാണ് കേജ്‍രിവാളിനെതിരായ നടപടിയെന്നും ഇഡിയെയും സിബിഐയെയും കാട്ടി ആംആദ്മി പാർട്ടിയെ ഭയപ്പെടുത്താനാകില്ലെന്നും അതിഷി മർലേന പ്രതികരിച്ചു
കേന്ദ്ര ഏജൻസികളെ കാട്ടി എഎപിയെ ഭയപ്പെടുത്താനാകില്ല, ബിജെപി പ്രതിപക്ഷത്തെ ഇല്ലാതാക്കുകയാണെന്നും പോരാട്ടം തുടരുമെന്നും മന്ത്രി പറഞ്ഞു. ഇഡിയെയും സിബിഐയെയും കണ്ട് പേടിക്കുന്ന പാർട്ടിയല്ല ആംആദ്മി പാർട്ടി, അവർ എത്ര നോട്ടീസ് വേണമെങ്കിലും അയക്കട്ടെ, എത്ര നേതാക്കളെ വേണമെങ്കിലും ജയിലിടട്ടെ, ഞങ്ങൾ പോരാട്ടം തുടരും.
അദാനിയുടെ കമ്പനിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കോടികളുടെ കള്ളപ്പണം നിക്ഷേപിച്ചത് കേജ്‍രിവാൾ ചോദ്യം ചെയ്തതിനുള്ള ശിക്ഷയാണിതെന്ന് എഎപി എംപി സഞ്ജയ് സിംഗും പ്രതികരിച്ചു. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാറും പ്രധാനനമന്ത്രിയുമാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. നടപടിക്കെതിരെ കോടതിയെ സമീപിക്കുന്നത് ആലോചിക്കുകയാണെന്നും വിവിധ എഎപി നേതാക്കൾ പറഞ്ഞു.