കാർഷിക സമൃദ്ധിയുടെ ഓർമ്മകൾ പുതുക്കി ഇന്ന് വിഷു ദിനം. പടക്കം പൊട്ടിച്ചും കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷിക്കുകയാണ് ഓരോ മലയാളികളും. കൊന്ന പൂക്കൾ തീർത്ത നയന മനോഹാരിതക്കൊപ്പം കാർഷിക സമൃദ്ധിയുടെ പോയകാലത്തെ ഓർക്കുകകൂടിയാണ് ഇന്ന് മലയാളികൾ. ഈ ഓർമ്മകൾ കൂടിചേർത്ത് വെച്ച് വരാനിരിക്കുന്ന കാലം നന്നാകണേ എന്ന പ്രാർത്ഥനയിലാണ് ഓരോ വിഷുവും കടന്നുവരുന്നത്.
വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷയാണ് ഒരോ വിഷുവും. നിറഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നിൽ സ്വർണ്ണനിറമുള്ള കൊന്നപ്പൂക്കൾ. ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും മാമ്പഴവും മറ്റു ഫലങ്ങളും. കണി കണ്ട് കഴിഞ്ഞാൽ കുടുബത്തിലെ മുതിർന്നവർ കയ്യിൽ വച്ച് തരുന്ന കൈനീട്ടമാണ്. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ വേറെയും.
വിഷുപ്പുലരിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 2:45 മുതൽ 3:45 വരെ ആയിരുന്നു വിഷുക്കണി ദർശനം. ശബരിമലയിലും വിഷുക്കണി കാണാൻ ഭക്തരുടെ തിരക്ക് ഉണ്ടായിരുന്നു. പുലർച്ചെ നാല് മണിയ്ക്ക് നട തുറന്നു.ഏഴ് മണി വരെയാണ് വിഷുക്കണികാണാൻ അവസരം നൽകിയത്.