ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തിറങ്ങാൻ എൻസിപി. 45 ഓളം സീറ്റുകളിലാണ് പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുക. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ദേശീയ നേതൃയോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥികളെ നിർത്തുന്നതായി എൻസിപി അറിയിച്ചത്.
ദേശീയ പാർട്ടി നഷ്ടമായ എൻസിപിയ്‌ക്ക് ഓരോ തിരിഞ്ഞെടുപ്പും നിർണായകമാണ്. ഗോവ, മണിപ്പൂർ, മേഘാലയ തിരഞ്ഞെടുപ്പുകലിൽ നേരിട്ട തിരിച്ചടികളാണ് എൻസിപിയ്‌ക്ക് ദേശീയ പാർട്ടി പദവി നഷ്ടമാകാൻ കാരണമായത്. അതിനാൽ സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിക്കാനാണ് പാർട്ടി കർണാടകയിൽ ശ്രമിക്കുന്നത്.
ദേശീയ പാർട്ടിയെന്ന പദവി വീണ്ടെടുക്കേണ്ടതുണ്ടെന്നും അതിനാണു മത്സര രംഗത്തിറങ്ങുന്നതെന്നും മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ അറിയിച്ചു. അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട ദേശീയ പാർട്ടികളുടെ പട്ടികയിൽനിന്ന് എൻസിപി പുറത്തായിരുന്നു. മണിപ്പുർ, ഗോവ, മേഘാലയ എന്നിവിടങ്ങളിൽ സംസ്ഥാന പാർട്ടി പദവിയും നഷ്ടമായി. എൻസിപിയുടെ ചിഹ്നമായ അലാം ക്ലോക്ക് ചിഹ്നത്തിൽ തന്നെയായിരിക്കും കർണാടകയിൽ മത്സരിക്കുന്നത്.
പ്രതിപക്ഷ ഐക്യത്തിനുവേണ്ടി കഴിഞ്ഞ ദിവസം എൻസിപി നേതാവ് ശരദ് പവാർ, ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ, കർണാടകയിൽ മത്സരിക്കുമെന്ന് എൻസിപി അറിയിച്ചത് കോൺഗ്രസിനു വലിയ തിരിച്ചടിയായിരിക്കുകയാണ്. നിലവിൽ ബിജെപി–കോൺഗ്രസ്–ജെഡിഎസ് ത്രികോണ മത്സരമാണ് കർണാടകയിൽ നടക്കുന്നത്.
കർണാടകയിലെ മഹാരാഷ്‌ട്രയുമായി അതിർത്തി പങ്കിടുന്ന ബോംബെ കർണാടകയിൽ കാര്യമായ സ്വാധീനം എൻസിപിയ്‌ക്കുണ്ട്. ഇത്രയും കാലം കോൺഗ്രസായിരുന്നു എൻസിപിയുടെ വോട്ടുകളുടെ ഗുണഭോക്താക്കൾ. എൻസിപി സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുന്നത് കോൺഗ്രസിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.