പട്ടാമ്പി: അമേരിയ്ക്കയിലേയ്ക്കുള്ള വിമാനയാത്രാവേളയിലാണ് പട്ടാമ്പിയ്ക്കടുത്ത് കൊടുമുണ്ടക്കാരി തടത്തിൽ വീണ ഭട്ടതിരിപ്പാട് എന്ന യുവതി ഇറ്റലിക്കാരൻ ഡാരിയോയെ പരിചയപ്പെടുന്നത്. സഹയാത്രികർ എന്ന നിലയിൽ ഇരുവരും സൗഹൃദം തുടങ്ങി. ആ സൗഹൃദം പ്രണയമായി മാറാൻ അധികകാലം വേണ്ടിവന്നില്ല.
ആറു വർഷം നീണ്ട പ്രണയത്തിനൊടുവിൽ രണ്ടു പേരും വിവാഹിതരാകാൻ തീരുമാനിച്ചു. ഡാരിയോ കുടുംബസമേതം ബുധനാഴ്ച കൊടുമുണ്ടയിലെത്തി മനയ്ക്കലെ കുടുംബഭരദേവതയ്ക്കു മുമ്പിൽ വച്ച് ഹിന്ദുമതാചാരപ്രകാരം വീണയുടെ കഴുത്തിൽ താലിചാർത്തി, തടത്തിൽ മനയിലെ മരുമകനായി മാറി.
കൊടുമുണ്ടയുടെ സാംസ്കാരിക ചരിത്രത്തിൽ ഇടംപിടിച്ചിട്ടുള്ള തടത്തിൽ മനയിലെ കാരണവരും മുതുതല ഗ്രാമപ്പഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമായിരുന്ന പരേതനായ തടം പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെ കൊച്ചുമകളും, തടം സതീശൻ ഭട്ടതിരിപ്പാട് – അനിത ദമ്പതിമാരുടെ മകളുമാണ് വീണ. ഡാരിയോ ഇപ്പോൾ യു.എസ്സിൽ എഞ്ചിനീയറാണ്. വധൂവരന്മാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും വിവാഹത്തിന് സാക്ഷിയായി.
പഠനം കഴിഞ്ഞ് സാൻഫ്രാൻസിസ്കോയിൽ ജോലിയിൽ പ്രവേശിച്ച വീണ കഴിഞ്ഞ വർഷമാണ് വീട്ടുകാരോട് തനിക്ക് ഡാരിയോയോടുള്ള പ്രണയവിവരം തുറന്നു പറയുന്നത്. ഡാരിയോ പഠിച്ചതും വളർന്നതും ഇറ്റലിയിലായിരുന്നു. ആദ്യമായാണ് ഇന്ത്യയിലേക്ക് വരുന്നത്. കേരളം അതിമനോഹരമായ പ്രദേശമാണെന്നാണ് നവവരൻ പറഞ്ഞത്. ഒരു മാസം ഇരുവരും കൊടുമുണ്ടയിൽ ഉണ്ടാകും. ശേഷം അമേരിക്കയിലെക്ക് തിരിക്കും.