ന്യൂഡൽഹി: കർണാടകത്തിൽ മുസ്ലീം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം റദ്ദാക്കാക്കിയ നടപടിയെ വിമർശിച്ച് സുപ്രീം കോടതി. മുസ്‌ലിം സമുദായത്തിന്റെ സംവരണം ഇല്ലാതാക്കാനുള്ള തീരുമാനം വികലമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
തീരുമാനം തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അനുമാനം നിലനിൽക്കാത്തതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനാ തത്വങ്ങൾ ബിജെപി സർക്കാർ ലംഘിക്കുകയാണെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. യാതൊരു പഠനവും നടത്താതെയാണ് സർക്കാർ തീരുമാനത്തിലെത്തിയത്. സംസ്ഥാനത്തെ ജനസംഖ്യയിൽ 13 ശതമാനം വരുന്ന മുസ്‌ലിംകളോട് വിവേചനപരമായാണ് സർക്കാർ പെരുമാറുന്നതെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. ഹർജി ഈ മാസം പതിനെട്ടിന് വീണ്ടും പരിഗണിക്കും.
സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിംകൾക്ക് നാല് ശതമാനം സംവരണമുണ്ടായിരുന്നത് റദ്ദാക്കാനായിരുന്നു കർണാടക സർക്കാരിന്റെ തീരുമാനം.
കഴിഞ്ഞ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം പിന്‍വലിച്ച് വീര ശൈവ ലിംഗായത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു. ഇതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. എന്നാൽ അധികാരത്തിലെത്തിയാൽ പിൻവലിച്ച സംവരണം പുന:സ്ഥാപിക്കുമെന്നാണ് കോൺഗ്രസിന്റെ വാദം. മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സം വരണം പുന:സ്ഥാപിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു.