കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചു. ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസലിലെ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ പീതാംബരനാണ് മൂന്നാം ക്ലാസ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റി.
അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള ഷാറൂഖുമായി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ തെളിവ് കണ്ടെത്താനാണ് ശ്രമം. പ്രതിക്ക് കേരളത്തിൽ എവിടെയെങ്കിലും ആരെങ്കിലുമായി ബന്ധമുണ്ടോയെന്നടക്കം കാര്യങ്ങളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെ പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതി ഷാറൂഖ് സെയ്ഫിക്ക് തീവ്രവാദബന്ധമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട് എന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീവയ്പ്പിന് ശേഷം റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും ഷാരൂഖ് സെയ്ഫിക്ക് ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.