അഹമ്മദാബാദ്: അപകീർത്തിക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഹർജിയിൽ ഇന്ന് വിശദമായി വാദം കേട്ടെങ്കിലും കോടതി വിധി പുറപ്പെടുവിച്ചില്ല. കുറ്റക്കാരൻ എന്ന വിധിക്കെതിരായ അപ്പീലിൽ ഏപ്രിൽ 20ന് ഇടക്കാല ഉത്തരവ് പറയാമെന്ന് കോടതി വ്യക്തമാക്കി. അപ്പീൽ ഹർജിയിൽ വാദം പൂർത്തിയായി. അഡീഷനൽ സെഷൻസ് കോടതി ജഡ്ജി റോബിൻ മൊഗ്രെയാണ് കേസ് പരിഗണിക്കുന്നത്.
മോദി പരാമര്‍ശത്തിന്റെ പേരില്‍ മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടുവര്‍ഷം തടവ് ശിക്ഷയ്ക്ക് സെഷന് കോടതി സ്റ്റേ അനുവദിച്ചിരുന്നു. സ്റ്റേ ഉത്തരവുണ്ടായില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരും. അങ്ങനെ വന്നാൽ, വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങും. മജിസ്ട്രേട്ടു കോടതി മാർച്ച് 23നു 2 വർഷം തടവുശിക്ഷ വിധിക്കുമ്പോൾ അപ്പീലിനായി 30 ദിവസത്തെ സാവകാശം നൽകിയിരുന്നു. ഈ സമയപരിധി വരെ കാക്കാനാണ് നിലവിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം. അതേസമയം, സ്റ്റേ അനുവദിക്കപ്പെട്ടാൽ രാഹുലിന്റെ ലോക്സഭാംഗത്വം പുന:സ്ഥാപിക്കപ്പെടും.
രണ്ട് അപ്പീൽ ഹർജികളാണ് കേസിൽ രാഹുൽ ഗാന്ധി നൽകിയത്. ശിക്ഷാവിധിക്കെതിരെയും ശിക്ഷ നടപ്പാക്കുന്നതിനെതിരെയുമാണ് അപ്പീൽ ഹർജികൾ. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍വച്ച് “എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് മോദി എന്ന് വരുന്നത്’ എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് കേസിനാധാരം.