കൂവപ്പടി ജി. ഹരികുമാർ
കൊച്ചി: കേരളത്തിന്റെ മേടവിഷുപ്പുലരിയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, വിവിധ രാജ്യങ്ങളിലേയ്ക്ക് കടൽകടന്നത് ഏഴു ടണ്ണോളം കൊന്നപ്പൂക്കൾ. അറബ് എമിറേറ്റുകളിലേയ്ക്കു മാത്രമായി വേണ്ടത് മൂന്നരടൺ. കണികാണാൻ എന്തു വിലകൊടുത്തും കൊന്നപ്പൂക്കളും തൂശനിലകളും വാങ്ങാൻ തയ്യാറുള്ള മലയാളികൾ ധാരാളമുള്ളയിടമാണ് യു.എ.ഇ. അബുദാബിയിലും ദുബായിയിലും വില്പന പൊടിപൊടിയ്ക്കുന്ന സന്തോഷത്തിലാണ് ദുബായിയിലെ പെരുമാൾ ഫ്ലവേഴ്സ് ഉടമ, എസ്. പെരുമാൾ.
ഇന്ത്യയ്ക്കു പുറമെ വിദേശരാജ്യങ്ങളിൽ നിന്നും പൂവെത്തുന്നതുകൊണ്ടാണ് ആവശ്യക്കാർക്ക് എത്തിയ്ക്കാനാകുന്നത്. വിദേശ വിപണികളിലെ വിഷുക്കച്ചവടം മുൻവർഷങ്ങളെക്കാൾ കൂടുതൽ സജീവമാണ് ഗൾഫിൽ. വിമാനമാർഗ്ഗമെത്തുന്ന പൂക്കൾക്കായി കാത്തിരിക്കുകയാണ് മലയാളികൾ.
കോയമ്പത്തൂരിൽ നിന്നും ആനക്കട്ടിയിൽ നിന്നും ശേഖരിക്കുന്ന കൊന്നപ്പൂവ് കോഴിക്കോട്, കൊച്ചി, കണ്ണൂർ, ട്രിച്ചി, കോയമ്പത്തൂർ, ബെംഗളൂരു വിമാനത്താവളങ്ങൾ വഴിയാണ് വിദേശങ്ങളിലേയ്ക്ക് കയറ്റി അയക്കുന്നത്.
ഗൾഫിലെത്തുമ്പോൾ വില 40 ദിർഹമാകും (892 രൂപ). വീട്ടാവശ്യത്തിനുള്ള പൂക്കളുടെ ചെറിയ പാക്കറ്റുകൾക്കാണ് ആവശ്യക്കാരേറെ.
5,10 ദിർഹം നല്കിയാൽ (111, 223 രൂപ) മലയാളിയ്ക്ക് ഗൾഫിൽ കണികാണൽ ഗംഭീരമാക്കാം.
മുല്ലപ്പൂ ഉൾപ്പെടെ മറ്റു പൂക്കളുമുണ്ട്. തൂശനില, കണ്ണിമാങ്ങ, ചക്ക, വെള്ളരി, പൈനാപ്പിൾ, പഴം, വാൽക്കണ്ണാടി തുടങ്ങിയവയും ഇത്തവണ എത്തിച്ചിട്ടുണ്ട്.
മധുരൈ സ്വദേശിയായ എസ്. പെരുമാൾ 1990-ൽ ഗൾഫിൽ പൂക്കച്ചവടം തുടങ്ങിയതാണ്. 23 വർഷത്തെ പൂവില്പനയിലൂടെ ദുബായ്, അബുദാബി, മസ്കറ്റ്, ഷാർജ, ഒമാൻ, അജ്മൻ തുടങ്ങിയയിടങ്ങളിലൊക്ക പെരുമാൾ ഫ്ലവേഴ്സ് പൂക്കടകൾ തുടങ്ങി. യു.എ.ഇ.യിലെ മലയാളിയുടെ ഓണത്തിനും വിഷുവിനും പൂക്കളെത്തിച്ചു നല്കുന്നവരിൽ മുൻപന്തിയിൽ പെരുമാളുണ്ട്. പെരുമാൾ ഫ്ലവർഷോപ്പ് എന്നു പറഞ്ഞാൽ പ്രവാസികളുടെ പൂന്തോപ്പാണെന്നു പറയാം.