കൂവപ്പടി ജി. ഹരികുമാര്‍
പാലാ: വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്തവരാണ് ബഹുഭൂരിപക്ഷം മലയാളികളും. വ്യക്തി ശുചിത്വം പോലെ തന്നെ സ്വന്തം വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കി സൂക്ഷിക്കുന്നതിലും മലയാളികള്‍ക്ക് നൂറില്‍ നൂറാണ് മാര്‍ക്ക്. പണ്ടുകാലം മുതലെ മുറ്റമടിയ്ക്കാനും മുറികള്‍ക്കകം വൃത്തിയാക്കാനും ഈര്‍ക്കില്‍ ചൂല്‍ ഉപയോഗിച്ചു ശീലിച്ച മലയാളി, കാലത്തിനനുസരിച്ച് പുല്‍ച്ചൂലിലേയ്ക്കും പ്ലാസ്റ്റിക് ചൂലുകളിലേയ്ക്കുമൊക്കെ മാറി ചിന്തിച്ചു. സിന്തറ്റിക് ഫൈബര്‍ നാരുകള്‍കൊണ്ടുള്ള സ്‌റ്റൈലന്‍ ചൂലുകളുടെ കടന്നുവരവോടെ, വഴിയോരങ്ങളില്‍ തമ്പടിച്ചു പരമ്പരാഗത പുല്‍ച്ചൂലുകള്‍ നിര്‍മ്മിച്ചു വില്ക്കുന്ന അസംഘടിതരായ മറുനാടന്‍ തൊഴിലാളികളുടെ ജീവിതമാണ് വഴിമുട്ടിയത്.
വൈവിധ്യമാര്‍ന്ന ചൂലുകളുടെ വില്പനയിലൂടെ പ്രശസ്തമായ ഒരു ഗ്രാമം കേരളത്തിലുണ്ട്. കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത നീലൂര്‍, കണ്ടത്തിമാവ് ഇന്നറിയപ്പെടുന്നത് ‘ചൂല്‍ സിറ്റി’ എന്ന അപരനാമത്തിലാണ്. മീനച്ചില്‍ താലൂക്കിലെ കടനാട് പഞ്ചായത്തിലെ നീലൂര്‍-മുട്ടം റൂട്ടിലെ കണ്ടത്തിമാവ് കവലയാണ് ചൂല്‍വില്പനശാലകളുടെ എണ്ണം കൊണ്ട് പ്രശസ്തമായിത്തീര്‍ന്നത്. കൊവിഡ് കാലത്തിനുശേഷമാണ് ‘ചൂല്‍ സിറ്റി’ രൂപം കൊള്ളുന്നത്. പലവിധ കച്ചവടങ്ങളില്‍ സജീവമായിരുന്ന ഇവിടത്തെ കച്ചവടക്കാര്‍ കൊവിഡാനന്തര അതിജീവനത്തിനായി ചിന്തിച്ചപ്പോള്‍ കിട്ടിയ ആശയമാണ് ചൂല്‍ക്കച്ചവടം. ഇന്ന് ലോകത്തിലെ ഏതുതരം ചൂലുകളും കിട്ടുന്ന ഒരേയൊരിടമാണ് കണ്ടത്തിമാവ്.
ദിവസവും 10000 രൂപയുടെ കച്ചവടം നടക്കാറുണ്ടെന്നാണ് ഒരു കടയുടമ പറഞ്ഞത്. വിവിധ വലിപ്പത്തിലും ആകൃതിയിലും ഉള്ള ചൂലുകളുടെ വിപണികളാണ് ചൂല്‍സിറ്റിയ്ക്കിരുവശവും. കേട്ടറിഞ്ഞ് അകലങ്ങളില്‍ നിന്നു പോലും ചൂല്‍ വാങ്ങാന്‍ ആളുകള്‍ ഇവിടേയ്‌ക്കെത്തുന്നു. വീടിന് അകത്തും പുറത്തും പായലും മണ്ണുമൊക്കെ തൂക്കാന്‍ പററുന്ന പലതരത്തിലുള്ള വെറൈറ്റി ചൂലുകളുടെ സെലക്ഷന്‍ സെന്ററുകളാണ് ഓരോ കടയും. തുടക്കത്തില്‍ കുടിലുമറ്റത്തില്‍ തങ്കച്ചന്റെയും മുണ്ടാട്ട് ജിസ്‌മോന്റെയും ആശയത്തില്‍ നിന്നും രൂപപ്പെട്ടതാണ് വ്യത്യസ്തമായ ചൂല്‍ കച്ചവടം. ഇവരുടെ ബിസിനസ്സ് തരക്കേടില്ലാത്ത വരുമാനം ലഭിക്കുന്നതാണെന്നറിഞ്ഞതോടെ മറ്റുള്ളവരും ഈ ബിസിനസ്സിലേയ്ക്കിറങ്ങി. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ സാധാരണ ചൂലുകളായിരുന്നു കടയ്ക്കു മുന്നില്‍ നിരത്തി വച്ചിരുന്നത്. ആളുകള്‍ ധാരാളമായി ചൂല്‍ അന്വേഷിച്ചെത്തിത്തുടങ്ങിയതോടെ പുതിയ 25 ഇനം വെറൈറ്റി ചൂലുകള്‍ വിപണികളില്‍ എത്തി. ഈര്‍ക്കില്‍ ചൂല്‍, പുല്‍ച്ചൂല്‍, മുളച്ചൂല്‍, പനച്ചൂല്‍, കമ്പിച്ചൂല്‍, താഴയോലച്ചൂല്‍, ഓലച്ചൂല്‍ അങ്ങനെ പോകുന്നു സിറ്റിയിലെ വെറൈറ്റി ചൂലുകളുടെ നിര.
60 മുതല്‍ 125 രൂപയാണ് വില. ഒരിക്കല്‍ ഇതുവഴി കടന്നുപോകുന്നവര്‍ക്ക് ചൂല്‍വില്പന ഒരു കൗതുകക്കാഴ്ചയാണ്. മത്സരക്കച്ചവടം ആണെങ്കിലും താരതമ്യേന വിലക്കുറവോടെയാണ് ഇവിടെ കച്ചവടം നടക്കുന്നത്. കാഞ്ഞിരപ്പള്ളി, ഇടുക്കി, കോട്ടയം, എറണാകുളം മേഖലയിലുള്ളവരാണ് കൂടുതലായും ചൂലന്വേഷിച്ചെത്താറ്. മറ്റിടങ്ങളിലെ ചില്ലറക്കച്ചവടക്കാരും ഈ ചൂല്‍വിപണിയിലേയ്ക്കാണെത്തുന്നത്.
സ്വദേശികളോടൊപ്പംവിദേശി ഉത്പന്നങ്ങളും ചൂല്‍ സിറ്റിയെ വൈവിധ്യവത്കരിയ്ക്കുന്നു. ഇന്തോനേഷ്യയില്‍ നിന്നും തായ്ലന്‍ഡില്‍ നിന്നുമാണ് നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ എത്തിയ്ക്കുന്നത്. ഈ ഉത്പന്നങ്ങള്‍ക്ക് ഉറപ്പു കൂടുതലാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഉപയോഗിച്ചു പഴകിയാലും നാരുകള്‍ പൊടിഞ്ഞു പോകില്ല. പരമ്പരാഗത നാടന്‍ ചൂലുകളേക്കാള്‍ കാലപ്പഴക്കം കിട്ടുന്നവയാണ് വിദേശങ്ങളില്‍ നിന്നും എത്തുന്നവ. വിദേശങ്ങളില്‍ നിന്നുള്ള തെങ്ങ്, പന എന്നിവയുടെ ഈര്‍ക്കില്‍ ചൂലുകളും ഇവരുടെ പക്കലുണ്ട്. നാടന്‍ ചൂല്‍ നിര്‍മ്മിക്കാനുള്ള ഈര്‍ക്കില്‍ ആലപ്പുഴയില്‍ നിന്നും ശേഖരിക്കുന്നു. ഇവയുടെ നിര്‍മ്മാണം മൂവാറ്റുപുഴയിലാണ് നടക്കുന്നത്.
ഓണം, വിഷു, ദീപാവലി തുടങ്ങിയ ആഘോഷവേളകളോടനുബന്ധിച്ച് വീടുകളില്‍ പുതിയ ചൂലുകള്‍ വാങ്ങിവയ്ക്കുന്നത് ശുഭകരമാണെന്ന വിശ്വാസം ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ട്. ചൂലിന്റെ ശരിയായ ഉപയോഗത്തിലൂടെ പല വാസ്തുവൈകല്ല്യങ്ങളും മാറുമത്രെ. വീടിനു പുറത്ത് ദിവസവും രാത്രിയില്‍ വാതിലിനു മുന്നില്‍ ചൂല്‍ വച്ചാല്‍, നെഗറ്റീവ് എനര്‍ജി വീട്ടില്‍ പ്രവേശിക്കില്ലെന്നു വിശ്വാസമുള്ളവരും ഉണ്ട്. ചൂലിനുള്ളില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുവത്രെ. ദേവിയുടെ അനുഗ്രഹത്തിനായി വീടിനു പുറകില്‍ ചെറിയ ചൂല്‍ കെട്ടിത്തൂക്കിയിടുന്ന വിശ്വാസികളും നമുക്കിടയിലുണ്ട്. ചൂല്‍ ആവശ്യക്കാരുടെ വിശ്വാസം എന്തുതന്നെയായാലും ചൂല്‍ സിറ്റിയില്‍ വിഷുവില്പന പൊടിപൊടിയ്ക്കുകയാണ്.