തൃശ്ശൂർ: പൂരം പടിവാതിൽക്കൽ എത്തിനിൽക്കെ, അഴകളവുകളൊത്ത ഐരാവതസൗന്ദര്യവാൻ പാറമേക്കാവ് ദേവീദാസൻ ബുധനാഴ്ച രാത്രി ആനപ്രേമികളുടെ ദുഃഖമായി മാറി. പാറമേക്കാവ് ദേവസ്വത്തിൻ്റെ തിടമ്പാന ദേവീദാസൻ (60) ചരഇഞ്ഞത് ഇക്കഴിഞ്ഞ രാത്രി പതിനൊന്നരയോടെയാണ്. 21 വർഷം തൃശുർ പൂരം പാറമേക്കാവ് വിഭാഗത്തിൻ്റെ ആദ്യ 15ലെ താരമായിരുന്നു അവൻ.
ആരും കണ്ടാൽ കണ്ണെടുക്കാതെ നോക്കിനിന്നുപോകുന്ന രൂപസൗകുമാര്യത്തിനുടമയായിരുന്നുവെന്ന് പൂരപ്രേമികൾ. പൂരം കൊടിയേറ്റിന് ശേഷമുള്ള പുറപ്പാട് എഴുന്നെള്ളിപ്പിന് തിടമ്പേറ്റാറുള്ളത് ദേവീദാസനായിരുന്നു. പൂരം പടിവാതിൽക്കലെത്തി നിൽക്കെയാണ് പൂര നഗരിയെ കണ്ണീരിലാക്കി ദേവീദാസന്റെ വേർപാട്. തൃശൂർ പൂരവും, ആറാട്ടുപുഴയും നെന്മാറയും പഴയന്നൂരും തുടങ്ങി ഒട്ടുമിക്ക ഉത്സവങ്ങളിലും ദേവീദാസൻ നിത്യ സാന്നിധ്യമാണ്.
2001ൽ പൂരം കൊടിയേറ്റ് ദിവസമാണ് ആനയെ പാറമേക്കാവിൽ നടയിരുത്തിയത്.
അന്നു തന്നെ എഴുന്നള്ളിക്കുകയും ചെയ്തു. അതിന് ശേഷം കൊടിയേറ്റ് നാളിൽ തിടമ്പേറ്റുന്ന നിയോഗവും ദേവീദാസനായിരുന്നു. ഇക്കഴിഞ്ഞ പൂരത്തിനും ദേവീദാസനാണ് കൊടിയേറ്റ് നാളിൽ തിടമ്പേറ്റിയത്. കൂപ്പിലെ ജോലികൾ ചെയ്തിരുന്ന ദേവീദാസൻ പാറമേക്കാവിൽ എത്തിയ ശേഷമാണ് പൂരത്തിൽ പങ്കെടുക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനാൽ മാസങ്ങളായി പുറത്ത് എഴുന്നള്ളിപ്പുകൾക്ക് വിടാറില്ലായിരുന്നു. പല്ല് തേയ്മാനം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നു അവന്. ആഴ്ച്ചകളായി ആരോഗ്യാവസ്ഥ മോശമായിരുന്നു.