കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് ഷൊര്‍ണൂരിലെത്തിച്ച് തെളിവെടുക്കും. ഷൊര്‍ണൂരില്‍ ട്രെയിനിറങ്ങിയ ഷാറൂഖ് 3 കിലോമീറ്റര്‍ അകലെയുള്ള പമ്പില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഷൊര്‍ണൂരില്‍ പ്രതി സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവര്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്നേ ദിവസം പുലര്‍ച്ചെ നാലുമണിക്ക് ഷൊര്‍ണൂരില്‍ ട്രെയിന്‍ ഇറങ്ങിയ ഷാറൂഖ് വൈകുന്നേരം 7 മണി വരെ സമയം ചെലവഴിച്ചതിനെ പറ്റിയാണ് പ്രധാനമായും അന്വേഷിക്കുക.
അതേസമയം, കഴിഞ്ഞദിവസം പ്രതിയെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം പ്രതിയെ തീയിട്ട കോച്ചിലെത്തിച്ചാണ് തെളിവെടുത്തത്. ഷാറൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കൃത്യത്തിന് ശേഷം ഇയാള്‍ ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രതിയില്‍ നിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്.
ആക്രമണമുണ്ടായ ഡി-1 കോച്ച് ഉള്‍പ്പെടെ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ രണ്ടുകോച്ചുകള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. അക്രമത്തിനു ശേഷം എലത്തൂരില്‍ നിന്ന് കണ്ണൂരിലെത്തിയെന്ന് സെയ്ഫി പൊലീസിന് മൊഴി നല്‍കിയിരുന്നു.