ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിയെക്കുറിച്ച് സോഷ്യൽമീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന് ബിജെപി നേതാവ് സെൽവകുമാർ അറസ്റ്റിൽ. മന്ത്രി സെന്തിൽ ബാലാജിയെ ലക്ഷ്യമിട്ട് സെൽവകുമാർ ‘ഗഞ്ച ബാലാജി’ എന്ന പ്രയോഗം നടത്തിയെന്നായിരുന്നു പരാതി. ബിജെപി വ്യവസായ വിഭാഗം വൈസ് പ്രസിഡന്റ് ആണ് എസ്. സെൽവകുമാര്‍.
ഗണപതിപുദൂർ സ്വദേശിയായ ഡിഎംകെ പ്രവർത്തകൻ സുരേഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ ശത്രുത ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ശെൽവകുമാറിനെ അറസ്റ്റ് ചെയ്തത്. ഐപിസി 505 (1) (ബി), ഐ.ടി ആക്ടിലെ 66 എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ബുധനാഴ്ച വൈകിട്ട് കോയമ്പത്തൂരിലെ നാലാം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മജിസ്‌ട്രേറ്റ് ആർ. ശരവണ ബാബു ഏപ്രിൽ 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.