തിരുവനന്തപുരം: കിളിമാനൂരിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധനയിൽ 80 കിലോയോളം പഴകിയ മത്സ്യം പിടികൂടി. കിളിമാനൂർ മഹാദേവേശ്വരത്തുള്ള സ്വകാര്യ ചന്തയിൽ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. ചന്തയിൽ ചെറുകിട കച്ചവടക്കാർ വില്പനയ്ക്കായിവച്ച മൽസ്യങ്ങളാണ് പരിശോധിച്ചത്.
ചൂര, നെത്തോലി, കണവ എന്നീ ഇനങ്ങളിലെ അഴുകിയതും രാസ പദാർത്ഥങ്ങൾ കലർത്തിയതുമായ 80 കിലോയോളം മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. പഴകിയ മത്സ്യങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നശിപ്പിച്ചു.
മൊബൈൽ ലാബിന്റെ സഹായത്തോടെയാണ് മൽസ്യം പരിശോധിച്ചത്. ഉണക്ക മൽസ്യവും പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ ശേഖരിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം ആറ്റിങ്ങൽ സർക്കിളിനു കീഴിലെ ഉദ്യോഗസ്ഥൻ കണ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.