ന്യൂഡൽഹി: കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അടുത്ത 10-12 ദിവസങ്ങളില്‍ ഇനിയും കേസുകള്‍ ഉയരുമെന്നും ഇതില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. കേസുകള്‍ കുത്തനെ ഉയര്‍ന്ന് പിന്നീട് താഴുമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.
രോഗനിരക്ക് വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറയുന്നുണ്ട്. നിലവിൽ ചില പ്രദേശങ്ങളിൽ മാത്രമാണ് കോവിഡ് കേസുകൾ ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,830 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏഴു മാസത്തിനിടെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.
അണുബാധ കൂടിയാലും ആശുപത്രിവാസത്തിന്റെ നിരക്ക് കുറവായിരിക്കും എന്നാണ് വിലയിരുത്തൽ. നിലവിലെ കോവിഡ് കേസുകൾക്ക് കാരണമായ XBB.1.16 എന്ന ഒമിക്രോൺ ഉപവകഭേദത്തിന് വാക്സിൻ ഫലപ്രദമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതർ പറയുന്നു. ഫെബ്രുവരിയിൽ രോഗവ്യാപന നിരക്ക് 21.6% ആയിരുന്നത് മാർച്ചിൽ 35.8% ആയിരുന്നു.
ആക്ടീവ് കേസുകള്‍ രാജ്യത്ത് 40,215 ആണിപ്പോള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 7,500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. XBB 1.16 എന്ന വൈറസ് വകഭേദമാണത്രേ രാജ്യത്ത് കൊവിഡ് കേസുകളുയരുന്നതിന് ഇപ്പോള്‍ കാരണമായി വന്നിരിക്കുന്നത്.
കേരളം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, ഹിമാചൽപ്രദേശ്, തമിഴ്നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് നിരക്കുകൾ ഉയരുകയാണെന്നും രോഗവ്യാപനം സംബന്ധിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കഴിഞ്ഞയാഴ്ച്ച വ്യക്തമാക്കിയിരുന്നു. ഹോട്ട്സ്പോട്ടുകൾ രൂപപ്പെടുന്നുണ്ടെങ്കിൽ അവ നിരീക്ഷിക്കാനും ടെസ്റ്റുകൾ വർധിപ്പിക്കാനും നിർദേശിച്ചിരുന്നു.