തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച അത്യാധുനിക കാമറകൾക്ക് പ്രവർത്തനാനുമതി. ഗതാഗത വകുപ്പിന്റെ 726 എഐ കാമറകൾക്കാണ് പ്രവർത്താനാനുമതി നൽകിയത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഏപ്രിൽ 20 മുതൽ പ്രവർത്തനം തുടങ്ങാനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതം ഇനി നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയും. ഹെൽമെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്. ലൈൻ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, മൊബൈലിൽ സംസാരിച്ചുള്ള യാത്ര- ഇങ്ങനെയുളള കുറ്റകൃത്യങ്ങളാണ് ആദ്യം പിടിക്കുക. സോഫ്റ്റുവയർ അപ്ഡേഷൻ വഴി മാസങ്ങള്‍ക്കുള്ളിൽ അമിതവേഗതയിലുള്ള യാത്രയും പിടിക്കും.
കഴിഞ്ഞവർഷം സെപ്തംബറിൽ പ്രവർത്തനം തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുന്നതിലെ പ്രശ്‌നങ്ങളും പിഴ വിവരം അറിയിക്കുന്ന ഓട്ടോമാറ്റിക് സംവിധാനവും പ്രവർത്തിക്കാത്തതുമാണ് പിന്നെയും വൈകാൻ കാരണം.
ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറകള്‍ പ്രവർത്തിക്കുകയായിരുന്നു. പ്രതിമാസം 30,000 മുതൽ 90,000വരെ നിയമലംഘങ്ങളാണ് ക്യാമറകള്‍ പതിയുന്നത്. ഇങ്ങനെ നോക്കിയാൽ പിഴത്തുക വഴി സർക്കാർ ഖജനാവിലേക്ക് കോടികള്‍ എത്തും. നിയമലംഘനത്തിന് ഒരു ക്യാമറയിൽ പതിയുന്ന അതേ വാഹനം രണ്ടു കിലോ മീററർ അപ്പുറ മുള്ള ഐഐ ക്യാമറയിൽ വീണ്ടും പതിഞ്ഞാൽ വീണ്ടും പിഴവീഴും.
കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232,25,50,286 രൂപ ഉപയോഗിച്ച് വ്യവസ്ഥകള്‍ക്ക് വിധേയമായി കെല്‍ട്രോണ്‍ മുഖാന്തരമാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഓരോ ത്രൈമാസ പെയ്‌മെന്റിന് മുമ്പ് ഉപകരണങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഉറപ്പു വരുത്തുന്നതിന് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ തലവനും കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മിഷനിലെ ഐടി വിഭാഗം വിദഗ്ധനും ഗതാഗത വകുപ്പിന് കീഴിലെ ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഐടി /കമ്പ്യൂട്ടര്‍ വിഭാഗത്തിലെ ഒരു അധ്യാപകനും ഉള്‍പ്പെടുന്ന സേഫ് കേരള പ്രോജക്റ്റ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. കേടായ ക്യാമറകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറ്റിസ്ഥാപിക്കാനുള്ള വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തും.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകള്‍ പൊലീസ് വകുപ്പിലെ ക്യാമറകളുള്ള സ്ഥലത്തല്ല എന്ന് ഉറപ്പാക്കും. പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്ന ഡേറ്റയും ക്യാമറ ഫീഡും പൊലീസ് വകുപ്പിന് ആവശ്യാനുസരണം നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ വീഡിയോ ഫീഡും മറ്റ് ഡാറ്റയും പൊലീസ്, എക്സൈസ്, മോട്ടോര്‍ വാഹന, ജിഎസ്ടി വകുപ്പുകള്‍ക്ക് കൈമാറും. ഇതിന്റെ ഏകോപനത്തിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും ഗതാഗത സെക്രട്ടറി, നികുതി വകുപ്പ് സെക്രട്ടറി, പൊലീസ്, എക്സൈസ്, മോട്ടോര്‍ വാഹന, ജിഎസ്ടി വകുപ്പുകളുടെ മേധാവികള്‍ അംഗങ്ങളായും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.
വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ക്യാമറകള്‍ വഴി നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനായുള്ള ‘Fully Automated Traffic Enforcement System’ സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.