തിരുവനന്തപുരം: പട്ടാപ്പകൽ രണ്ടരലക്ഷം രൂപ കവർന്ന കേസിൽ റീല്‍സ് താരവും കൂട്ടാളിയും പിടിയിൽ. കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22), കിളിമാനൂർ വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശി വിനീത് (മീശ വിനീത്) എന്നിവരാണ് പിടിയിലായത്. കണിയാപുരം പെട്രോള്‍ പമ്പ് മാനേജര്‍ എസ്ബിഐയില്‍ അടയ്ക്കാന്‍ കൊണ്ടുപോയ പണമാണ് പ്രതികള്‍ കവര്‍ന്നത്.
ഇന്‍സ്റ്റഗ്രാമില്‍ മീശക്കാരന് വിനീത് എന്ന പേരില്‍ പ്രശസ്തി നേടിയ വിനീതിനെതിരെ പത്തോളം മോഷണകേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 23 നാണ് സ്കൂട്ടറില്‍ എത്തിയ പ്രതികള്‍ പണം കവര്‍ന്നത്.
ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐയിലടയ്ക്കാൻ പോകുമ്പോൾ വിനീതും ജിത്തുവും പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചെങ്കിലും വ്യാജ നമ്പര്‍ പ്ലേറ്റ് മോഷ്ടാക്കള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അന്വേഷണം പ്രതിസന്ധിയിലായി.
എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്നു മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്ക് പോയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രിയോടെ സ്കൂട്ടർ പോത്തൻകോട് പൂലന്തറയിൽനിന്നു കണ്ടെടുത്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരുവരെയും കുടുക്കിയത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസം ബലാത്സംഗ കേസില്‍ ഇയാള്‍ അറസ്റ്റിലാകുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ ബലാത്സംഗം ചെയ്തതായിരുന്നു കേസ്. ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം കേസിന്റെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ഇയാളുടെ വിഡോയോയും വലിയ രീതിയില്‍ വൈറലായിരുന്നു.
കല്ലമ്പലത്തുള്ള കല്യാണ മണ്ഡപത്തിലെ കോംപൗണ്ടിൽ പാർക്കു ചെയ്തിരുന്ന കാറിൽനിന്നും സ്വർണം മോഷ്ടിച്ചതിനു അഞ്ചുവർഷം മുൻപ് വിനീതിനെതിരെ കേസെടുത്തിരുന്നു. ബൈക്ക് മോഷണത്തിനു കന്റോൺമെന്റ് സ്റ്റേഷനിലും കേസുണ്ട്.