ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. എട്ട് വനിതകള്‍ ഉള്‍പ്പെടെ 189 പേരാണ് പട്ടികയിലുള്ളത്. ഇതില്‍ 52 പേര്‍ പുതുമുഖങ്ങളാണ്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സിറ്റിങ് മണ്ഡലമായ ഷിഗ്ഗാവില്‍ നിന്ന് മത്സരിക്കും. ബി എസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്ര ശിക്കരിപ്പുര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഡി കെ ശിവകുമാറിനെതിരെ കനകപുര മണ്ഡലത്തില്‍ ആര്‍ അശോക ആണ് ബിജെപിക്കായി കളത്തിലിറങ്ങുന്നത്.
മേയ് പത്തിന് നടക്കുന്ന 224 അംഗ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബാക്കി സ്ഥാനാര്‍ഥികളെ ഉടനെ തന്നെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പ്രഖ്യാപിച്ച 189 അംഗ പട്ടികയില്‍ നിരവധി സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് നഷ്ടമായപ്പോള്‍ 52 പുതുമുഖങ്ങളാണ് ഇടംപിടിച്ചത്. ഒബിസി വിഭാഗത്തില്‍ നിന്ന് 32 പേരും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ നിന്ന് 46 പേരും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംനേടി. എട്ട് വനിതകള്‍ മാത്രമാണ് ആദ്യഘട്ട പട്ടികയിലുള്ളത്.
മുന്‍ മുഖ്യമന്ത്രി സിദ്ധരാമ്മയ്യയ്‌ക്കെതിരെ വരുണയില്‍ സോമണ്ണ ബിജെപിക്ക് വേണ്ടി മത്സരിക്കും. കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര തീര്‍ത്ഥഹള്ളി മണ്ഡലത്തില്‍ മത്സരിക്കും. കര്‍ണാടക മന്ത്രി ഡോ.അശ്വത്‌നാരായണ്‍ സി എന്‍ മല്ലേശ്വരത്ത് നിന്നും മന്ത്രി ആനന്ദ് സിങ്ങിന്റെ മകന്‍ സിദ്ധാര്‍ത്ഥ് സിംഗ് കാംപ്ലിയില്‍ നിന്നും മത്സരിക്കും.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി ചിക്കമംഗളൂരു മണ്ഡലത്തില്‍ നിന്നും മന്ത്രി ബി ശ്രീരാമുലു ബെല്ലാരി റൂറലിലും രമേശ് ജാര്‍ക്കി ഹോളി തന്റെ മണ്ഡലമായ ഗോകക്കില്‍ നിന്നും ജനവിധി തേടും.
മെയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 20 ആണ്. വോട്ടെണ്ണല്‍ മെയ് 13 ന് നടക്കും.
ഇതിനിടെ ഗുജറാത്ത് മോഡലില്‍ മുതിര്‍ന്ന നേതാക്കളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ബിജെപി നീക്കത്തില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം പാര്‍ട്ടി തീരുമാനം സ്വീകരിച്ച് കെ.എസ്.ഈശ്വരപ്പ താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പ്രമുഖരും മണ്ഡലവും
ഷിഗ്ഗോൻ – മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ചിക്കോടി – രമേശ് കട്ടി
കാഗ്‍വാദ് – ശ്രീമന്ത് പാട്ടീലിന് സീറ്റ്
അരഭാവി – ബാലചന്ദ്ര ജർക്കിഹോളി,
ഗോകക് – രമേശ് ജർക്കിഹോളി
യംകൻമർഡി – ബസവരാജ് ഹുൻട്രി
ബെല്ലാരി റൂറൽ – ബി ശ്രീരാമുലു
ബെല്ലാരി സിറ്റി – ഗാലി സോമശേഖര റെഡ്ഡി
ശിവമൊഗ്ഗ – കെ ബി അശോക് നായിക്
ശിക്കാരിപുര – ബി വൈ വിജയേന്ദ്ര
യെദിയൂരപ്പയുടെ മകൻ
ചിക്കമഗളുരു – സി ടി രവി
ചിക്കനായഗനഹള്ളി – ജെ സി മധുസ്വാമി
ചിക്കബല്ലാപൂർ – ആരോഗ്യമന്ത്രി കെ സുധാകർ തന്നെ
കോലാർ – വി സോമണ്ണ
ആർ ആർ നഗർ – മുനിരത്ന
മല്ലേശ്വരം – അശ്വത്ഥ് നാരായണൻ